
കൊച്ചി: തൊഴിലധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിൽ മുൻപന്തിയിലുള്ള ആപ്‌ടെക് ലിമിറ്റഡും ഇന്ത്യയിലെ മുൻനിര 3ഡി പ്രിന്റിംഗ് സൊല്യൂഷൻസ് കമ്പനികളിലൊന്നായ ഡബ്ല്യുഒഎൽ3ഡിയും പുതിയ സഹകരണം പ്രഖ്യാപിച്ചു. ഇരു കമ്പനികളും ചേർന്ന് വിദ്യാർത്ഥികൾക്ക് പുതിയ 3ഡി പ്രിന്റിംഗ് പരിശീലന പ്രോഗ്രാം ഉടൻ ലഭ്യമാക്കുമെന്ന് അറിയിച്ചു. ആപ്‌ടെക് ലിമിറ്റഡിന്റെ എം & ഇ, എംഎഎസി, അരീന ആനിമേഷൻ എന്നീ പരിശീലന കേന്ദ്രങ്ങളിലൂടെയായിരിക്കും പുതിയ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക. തിയറിയും പ്രാക്ടിക്കൽ സെഷനുകളും ചേർന്ന് ഏകദേശം 60 മണിക്കൂർ ദൈർഘ്യമുണ്ടാകും കോഴ്സിന്. 3ഡി അനിമേഷൻ ആന്റ് ഡിസൈൻ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഒരു ആഡ്-ഓൺ മോഡ്യൂളായാണ് ഈ പ്രോഗ്രാം അവതരിപ്പിക്കുന്നത്. നിർമ്മാണം, ഉൽപ്പന്ന പ്രോട്ടോടൈപ്പിംഗ്, ആരോഗ്യം, വാസ്തുവിദ്യ എന്നീ മേഖലകളിൽ ഈ കോഴ്സ് പഠിച്ച വിദ്യാർത്ഥികൾക്ക് തിളങ്ങാനാവും. ഡബ്ല്യുഒഎൽ3ഡിയുമായുള്ള പുതിയ സഹകരണം ഇന്ത്യയിൽ 3ഡി പ്രിന്റിംഗ് വിദ്യാഭ്യാസത്തിന് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ആപ്‌ടെക് ലിമിറ്റഡിന്റെ ഡയറക്ടർ ശ്രീ. സന്ദീപ് വെലിംഗ് പറഞ്ഞു. "നിരവധി ആളുകളിലേക്ക് എത്തിച്ചേരാനും അവരെ ജോലി നേടാൻ സഹായിക്കാനുമാണ് ഈ പുതിയ 3ഡി പ്രിന്റിംഗ് കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികളെ ഇന്ത്യയിലെ നിരവധി വ്യവസായങ്ങൾക്ക് ആവശ്യമുള്ളവരായി രൂപപ്പെടുത്താൻ ഈ കോഴ്സിന് സാധിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.