

ബിഗ് ബോസ് സീസൺ ഏഴ് ഫിനാലെയിലേക്ക് അടുക്കുമ്പോൾ മത്സരാർത്ഥികൾ തമ്മിലുള്ള പോരാട്ടം അതിരുകടക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ ദിവസം വീട്ടിൽ കലുക്ഷിതമായ സംഭവങ്ങളാണ് അരങ്ങേറിയത്. അടുക്കളയിൽ നിന്ന് നെവിനും ഷാനവാസും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് എത്തുകയും ഇതിനു പിന്നാലെ ഷാനവാസിന് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയും ചെയ്തു.
തുടർന്ന് ഷാനവാസിനെ ഉടനെ തന്നെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചു. ഇവിടെ നിന്ന് വൈദ്യ സഹായം നൽകിയതിനു ശേഷം കൂടുതൽ പരിശോധനകൾക്കായി ഷാനവാസിനെ താല്കാലികമായി ആശുപത്രിയിലേക്ക് മാറ്റി. ഇക്കാര്യം ബിഗ് ബോസ് ഹൗസിലെ മറ്റ് മത്സരാർത്ഥികളെ അറിയിച്ചിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഷാനവാസ് നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. താരം ഇതുവരെ വീട്ടിലേക്ക് തിരികെയെത്തിയിട്ടില്ല.
സംഭവം വഷളായതോടെ ബിഗ് ബോസ് നെവിന് ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇനി ഒരു തവണകൂടി ഇത്തരം പെരുമാറ്റം ആവർത്തിച്ചാൽ നെവിനെ ഉടൻ തന്നെ ഹൗസിൽ നിന്ന് പുറത്താക്കുമെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം പെരുമാറാനുള്ള സ്ഥലമല്ലിതെന്നും ഒരു രീതിയിലുള്ള ശാരീരിക ആക്രമണങ്ങളും ഇവിടെ വച്ച് പൊറുപ്പിക്കില്ലെന്നും ബിഗ് ബോസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതോടെ ഷാനവാസ് വിഷയം നെവിനെ വല്ലാതെ അസ്വസ്ഥനാക്കിയിട്ടുണ്ട്. 'വീട്ടിൽ നിന്ന് പുറത്ത് പോകേണ്ടി വരുമോ?' എന്ന ഭയവും നെവിനെ അലട്ടുന്നുണ്ട്. നെവിന്റെ പെരുമാറ്റത്തിലും സംസാരത്തിലും ഇത് വ്യക്തമാണ്. നെവിൻ തന്റെ ബാഗുകളും പെട്ടിയുമെല്ലാം പാക്ക് ചെയ്യുന്ന കാഴ്ചയാണ് പ്രേക്ഷകർ ലൈവിൽ കണ്ടത്. 'എപ്പോൾ വേണമെങ്കിലും ബിഗ് ബോസ് തന്നെ പുറത്താക്കാം' എന്ന് മനസ്സിലാക്കി, വസ്ത്രങ്ങളെല്ലാം മടക്കി വെച്ച്, ഹൗസ് വിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് നെവിൻ. നെവിൻ- ഷാനവാസ് വിഷത്തിൽ ബിഗ് ബോസ് എന്ത് തീരുമാനം എടുക്കുമെന്നത് വാരാന്ത്യ എപ്പിസോഡിലേ അറിയാനാകൂ.