നേപ്പാൾ ജെൻ സി പ്രക്ഷോഭം: കേരളത്തിൽ നിന്ന് ആയുധ ശേഖരണത്തിന് ആഹ്വാനമെന്ന് വിവരം, ഡിസ്‌കോർഡ് ചാറ്റുകൾ പുറത്ത് | Gen Z

യു.എസ്. ആസ്ഥാനമായ ഡിസ്‌കോർഡ് പ്ലാറ്റ്‌ഫോം ആണ് പ്രതിഷേധക്കാർ തങ്ങളുടെ തന്ത്രങ്ങൾ ഏകോപിപ്പിക്കാൻ പ്രധാനമായി ഉപയോഗിച്ചത്
Nepal Gen Z violence, Information says there is a call for arms collection from Kerala
Published on

തിരുവനന്തപുരം: നേപ്പാളിൽ നടന്ന 'ജെൻ സി' (Gen Z) പ്രക്ഷോഭത്തിലേക്ക് കേരളത്തിൽ നിന്ന് ആയുധശേഖരണത്തിന് ആഹ്വാനം നടന്നതായി റിപ്പോർട്ട്. ഓൺലൈൻ ഗെയിമർമാർക്കിടയിൽ പ്രചാരമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡിസ്‌കോർഡിൽ (Discord) കൂടിയാണ് ഈ ആഹ്വാനം നടന്നതെന്നും, ഇതിനുള്ള സഹായ വാഗ്ദാനങ്ങൾ ചാറ്റുകളിലുണ്ടെന്നും 'കാഠ്മണ്ഡു പോസ്റ്റ്' റിപ്പോർട്ട് ചെയ്തു.(Nepal Gen Z violence, Information says there is a call for arms collection from Kerala)

യു.എസ്. ആസ്ഥാനമായ ഡിസ്‌കോർഡ് പ്ലാറ്റ്‌ഫോം ആണ് പ്രതിഷേധക്കാർ തങ്ങളുടെ തന്ത്രങ്ങൾ ഏകോപിപ്പിക്കാൻ പ്രധാനമായി ഉപയോഗിച്ചത്. 'അഴിമതിക്കെതിരേ യുവത', 'യുവ ഹബ്ബ്' എന്നീ ഡിസ്‌കോർഡ് സെർവറുകളായിരുന്നു പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ചത്. പ്രതിഷേധ സ്ഥലവും സമയവും തന്ത്രങ്ങളും കൃത്യമായി ആസൂത്രണം ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. സുശീല കർക്കിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയതിലും ഈ കൂട്ടായ്മ പ്രധാന പങ്കുവഹിച്ചതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

തോക്കുകൾ കേരളത്തിൽ നിന്ന് എത്തിക്കാമെന്ന് സന്ദേശം

കാഠ്മണ്ഡു പോസ്റ്റ് പുറത്തുവിട്ട ഡിസ്‌കോർഡ് ചാറ്റ് വിവരങ്ങളിൽ, 'ഗ്രീനിഷ്' (Greenishhhhhh) എന്ന അക്കൗണ്ടിൽ നിന്നാണ് ആയുധശേഖരണത്തിനുള്ള ആഹ്വാനങ്ങൾ വന്നത്.

സെപ്റ്റംബർ 8-ന് രാത്രി 11.49-ന് ഇയാൾ തന്റെ ഡിസ്‌കോർഡ് അക്കൗണ്ടിൽ "തോക്കുകൾ വേണം" എന്ന് കുറിച്ചു. രണ്ട് മിനിറ്റിന് ശേഷം, "ഇന്ത്യയിൽ നിന്ന് തോക്കുകൾ ഇറക്കുമതി ചെയ്യാൻ തനിക്ക് സാധിക്കും" എന്ന് അവകാശപ്പെട്ടു. "ഇന്ത്യയിൽ നിന്ന് താൻ ഇറക്കുമതി ചെയ്യാം, 50-ഓളം ഗ്രനേഡുകൾ വന്നേക്കാം" എന്നും ഇയാൾ കുറിച്ചു.

രാത്രി 11.56-ന് വന്ന പോസ്റ്റ് ഇങ്ങനെ: "കേരളത്തിൽ എനിക്കൊരു ഡീലറെ അറിയാം. ഞാൻ ആവശ്യപ്പെട്ടാൽ അയാൾക്ക് കൊണ്ടു വരാൻ സാധിക്കും." പ്രതിഷേധം അവസാനിപ്പിക്കാതെ നീണ്ടുനിൽക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങളും ചാറ്റിലുണ്ടായിരുന്നു.

തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളും സംഘർഷവും

പ്രതിഷേധം ഏകോപിപ്പിക്കുന്നതിനിടെ ഡിസ്‌കോർഡിൽ വ്യാപകമായി വ്യാജപ്രചാരണങ്ങളും നടന്നു. 'ടോണി' എന്ന ഉപയോക്താവ് 'ഗ്ലോബൽ കോളേജ് ഹോസ്റ്റലിൽ ബലാത്സംഗം നടന്നുവെന്ന്' വ്യാജമായി പ്രചരിപ്പിച്ചത് സംഘർഷത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഈ വ്യാജവാർത്ത അതിവേഗം പടർന്നുവെങ്കിലും പിന്നീട് മാധ്യമങ്ങൾ ഇത് തെറ്റാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

സെപ്റ്റംബർ 8 തിങ്കളാഴ്ചയാണ് ആയിരക്കണക്കിന് യുവജനങ്ങൾ കാഠ്മണ്ഡു, പൊഖ്‌റ, ബട്വാൾ, ഭരത്പുർ തുടങ്ങിയ പ്രധാന നഗരങ്ങളിലെ തെരുവുകളിൽ അണിനിരന്നത്. പാർലമെന്റ് കെട്ടിടത്തിന് ചുറ്റും ഒത്തുകൂടിയ പ്രതിഷേധക്കാർ ദേശീയ പതാകകൾ വീശി, ദേശീയഗാനം ആലപിച്ചു, അഴിമതിക്കും സെൻസർഷിപ്പിനുമെതിരെ മുദ്രാവാക്യം വിളിച്ചു.

പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതോടെ പ്രകടനങ്ങൾ അക്രമാസക്തമായി. 'കണ്ടാൽ ഉടൻ വെടിവെയ്ക്കാൻ' അനുമതിയുള്ള പോലീസ് സേന ജലപീരങ്കികൾ, കണ്ണീർവാതകം, റബ്ബർ ബുള്ളറ്റുകൾ, വെടിയുണ്ടകൾ എന്നിവ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. ഈ നീക്കങ്ങളെല്ലാം മറികടന്ന് സമരക്കാർ പോലീസിനെ പാർലമെന്റ് സമുച്ചയത്തിനുള്ളിൽ വളയുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com