PM ശ്രീയിൽ ചേർന്നാൽ NEP നടപ്പാക്കാതെ പറ്റില്ല: പദ്ധതിയുടെ മാർഗ്ഗരേഖ പറയുന്നത്.. | NEP

ഇടതു സർക്കാർ ഭരിക്കുന്ന കേരളം പി.എം. ശ്രീയിൽ ഉണ്ടാകണമെന്ന് കേന്ദ്രത്തിന് നേരത്തെ മുതൽ നിർബന്ധമുണ്ട്
NEP should be implemented while joining PM SHRI scheme
Published on

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ ചേർന്നാലും ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് പദ്ധതിയുടെ മാർഗ്ഗരേഖ പ്രകാരം അസാധ്യമാകും. എൻ.ഇ.പി. അംഗീകരിക്കണമെന്നതാണ് പി.എം. ശ്രീ പദ്ധതിയുടെ മാർഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ. എൻ.ഇ.പി. സംസ്ഥാനവ്യാപകമായി നടപ്പാക്കണമെന്ന വ്യവസ്ഥ ധാരണാപത്രത്തിലുമുണ്ട്.(NEP should be implemented while joining PM SHRI scheme )

ഫണ്ട് വേണം, എന്നാൽ നയം നടപ്പാക്കില്ല എന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രിയും സി.പി.എം. നേതാക്കളും ആവർത്തിക്കുന്നത്. എന്നാൽ പി.എം. ശ്രീയുടെ കരട് ചട്ടക്കൂടിലെ ഒൻപത് വ്യവസ്ഥകളിൽ ഒന്നാമത്തേത്, ദേശീയ വിദ്യാഭ്യാസ നയത്തിന് പ്രാധാന്യവും പ്രചാരണവും നൽകണമെന്നാണ്.

പദ്ധതിക്ക് കീഴിൽ ഓരോ ബ്ലോക്കുകളിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് സ്കൂളുകളാണ് വരിക. എന്നാൽ, ധാരണാപത്രം (എം.ഒ.യു.) ഒപ്പിടുന്ന സംസ്ഥാനത്താകെ എൻ.ഇ.പി. നടപ്പാക്കണമെന്ന നിർദ്ദേശവും പി.എം. ശ്രീയുടെ കരട് ചട്ടക്കൂടിലെ ആദ്യ വ്യവസ്ഥയിൽ ഉൾപ്പെടുന്നു.

ഇടതു സർക്കാർ ഭരിക്കുന്ന കേരളം പി.എം. ശ്രീയിൽ ഉണ്ടാകണമെന്ന് കേന്ദ്രത്തിന് നേരത്തെ മുതൽ നിർബന്ധമുണ്ട്. നേരത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഫണ്ട് ലഭിക്കുന്നതിന് എൻ.ഇ.പി. നടപ്പാക്കണമെന്ന നിലപാട് ആവർത്തിച്ചിരുന്നു.

നിലവിൽ എൻ.ഇ.പി. നടപ്പാക്കില്ലെന്ന് പറയുന്നത് സി.പി.ഐയുടെ അടക്കമുള്ള എതിർപ്പുകൾ തണുപ്പിക്കാനാണെന്നാണ് വിലയിരുത്തൽ. അതേസമയം, പദ്ധതിയിൽ ചേരുന്ന സ്കൂളുകൾക്ക് മുന്നിൽ 'പി.എം. ശ്രീ' എന്ന ബോർഡ് വെച്ചാൽ മതി, പ്രധാനമന്ത്രിയുടെ ഫോട്ടോ നിർബന്ധമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വാദം. കൂടാതെ, കേന്ദ്ര വിദ്യാഭ്യാസ നയങ്ങൾ പല കാലത്തും കേരളം അതേപടി നടപ്പാക്കിയിട്ടില്ലെന്ന വിശദീകരണവും വിമർശനങ്ങളെ പ്രതിരോധിക്കാൻ വകുപ്പ് ഉന്നയിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com