
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയിൽ വിജയികളെ നിർണയിച്ചതിനെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. ഫലത്തിനെതിരെ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് രണ്ടാംസ്ഥാനം ലഭിച്ച വീയപുരം ചുണ്ടൻ. കലക്ടർക്കും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റാർട്ടിങ്ങിൽ ഗുരുതര പിഴവ് സംഭവിച്ചെന്ന പരാതിയുമായാണ് മൂന്നാം സ്ഥാനക്കാരായ നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ബോട്ട് ക്ലബ് രംഗത്തെത്തിയത്. തങ്ങളുടെ തുഴച്ചിലുകാർ തയാറാകും മുമ്പ് മത്സരം തുടങ്ങിയെന്ന് നടുഭാഗം ചുണ്ടൻ തുഴഞ്ഞ കുമരകം ബോട്ട് ക്ലബും പരാതിപ്പെട്ടു.
കാരിച്ചാലിന്‍റെ സമയം കുറച്ചുകാണിച്ചെന്നും സമയം നിർണയിക്കാനുള്ള ആധുനിക സംവിധാനങ്ങളൊന്നും ഇല്ലാത്തപ്പോൾ എങ്ങനെയാണ് കൃത്യമായി സമയം നിശ്ചയിക്കുന്നതെന്നും വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് അധികൃതർ ചോദിക്കുന്നു. മറ്റ് മൂന്ന് വള്ളങ്ങളുടെയും ലോക്കഴിച്ച് മൂന്ന് സെക്കൻഡോളം കഴിഞ്ഞാണ് തങ്ങളുടെ ലോക്കഴിച്ചതെന്നും നടുഭാഗം ചുണ്ടന്‍റെ തുഴച്ചിലുകാർ ആരോപിച്ചു. ഒരു നാടിന്‍റെ സ്വപ്നമാണ് സ്റ്റാർട്ടറുടെ അപാകതമൂലം തകർന്നതെന്ന് അവർ പറഞ്ഞു.