ആലപ്പുഴ :നെഹ്‌റു ട്രോഫി വളളം കളിയുടെ ഭാഗമായുള്ള പ്രാദേശിക അവധിയില്‍ നിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം. മാവേലിക്കര താലൂക്കിനും അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
നെഹ്റു ട്രോഫി ജലോത്സവം ആരംഭിച്ച കാലം മുതല്‍ അന്നേ ദിവസം ആലപ്പുഴ ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഈ മാസം 12ാം തിയതി പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയിരിക്കുകാണ്.
ആലപ്പുഴ ജില്ലയുടെ ആകെ ആഘോഷമായ നെഹ്‌റു ട്രോഫി ജലോത്സവ ദിവസം ആലപ്പുഴ ജില്ലയ്ക്ക് ( മാവേലിക്കര താലൂക്ക് ഉള്‍പ്പടെ ) അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പില്‍ നിന്നും ഉത്തരവ് ലഭ്യമാക്കണമെന്ന് കത്തില്‍ എംഎല്‍എ വ്യക്തമാക്കി.
അതിനിടെ, നെഹ്റു ട്രോഫി വളളംകളി കാണാന്‍ കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികള്‍ക്ക് അവസരമൊരുക്കുന്നുണ്ട്. ടിക്കറ്റ് ഉള്‍പ്പെടെ കെ എസ് ആര്‍ ടി സിയിലൂടെ ലഭ്യമാക്കാം.