തിരുവനന്തപുരം: നെടുമങ്ങാട് ഡി.വൈ.എഫ്.ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ, അൽത്താഫ് എന്നിവരാണ് ഇന്ന് രാവിലെ 10.30 ഓടെ കസ്റ്റഡിയിലായത്. നെടുമങ്ങാട് എസ്.ഡി.പി.ഐയും സി.പി.എമ്മും തമ്മിൽ ഏറെ നാളായുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ അക്രമ സംഭവങ്ങൾ.(Nedumangad ambulance burning case, 3 SDPI activists arrested)
സംഘർഷങ്ങളുടെ തുടക്കം സി.പി.എം. മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിലാണ്. അഴീക്കോട് ജംഗ്ഷനിൽ വെച്ച് സി.പി.എം. മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്.ഡി.പി.ഐ. പ്രവർത്തകർ ആക്രമിച്ചു. ഈ സംഭവത്തിൽ റഫീഖ്, നിസാം, സമദ് എന്നിവർക്കെതിരെ അരുവിക്കര പോലീസ് കേസെടുത്തിരുന്നു.
ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എസ്.ഡി.പി.ഐയുടെ ആംബുലൻസ് തകർത്തു. മുഖംമൂടി ധരിച്ചെത്തിയ യുവാക്കൾ ആംബുലൻസ് തകർക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതികാരമായി ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസിന് തീയിട്ടത്. ജില്ലാ ആശുപത്രിക്ക് മുന്നിലിട്ടിരുന്ന വാഹനമാണ് എസ്.ഡി.പി.ഐ. പ്രവർത്തകർ കത്തിച്ചത്. രാത്രി 11.55-നും 12-നും ഇടയിലാണ് വാഹനം പൂർണ്ണമായി കത്തിനശിച്ചത്.
സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സി.പി.എം. ഏരിയ സെക്രട്ടറി കെ.പി. പ്രമോഷും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൂന്ന് എസ്.ഡി.പി.ഐ. പ്രവർത്തകർ അറസ്റ്റിലായത്.