

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി എൻഡിടിവി വോട്ട് വൈബ് നടത്തിയ സർവ്വേ ഫലങ്ങൾ പുറത്ത് (NDTV Vote Vibe Survey Kerala). സംസ്ഥാനത്ത് നിലവിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ ഉണ്ടെന്നുമാണ് സർവ്വേ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നേതാവായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് സർവ്വേയിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്നത് 22.4 ശതമാനം പേരാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 18 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. എൽഡിഎഫ് നിരയിൽ തന്നെ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് 16.9 ശതമാനം പിന്തുണയുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 14.7 ശതമാനം പിന്തുണയുമായി നാലാം സ്ഥാനത്തുണ്ട്.
എൽഡിഎഫ് സർക്കാരിന്റെ പ്രകടനം 'മോശം' അല്ലെങ്കിൽ 'വളരെ മോശം' എന്ന് സർവ്വേയിൽ പങ്കെടുത്ത 50 ശതമാനത്തിലധികം ആളുകൾ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനത്തിൽ 31 ശതമാനം പേർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയപ്പോൾ 40 ശതമാനം പേർ ഭരണം നല്ലതാണെന്ന് വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 32 ശതമാനത്തിലധികം വോട്ട് നേടുമെന്ന് സർവ്വേ പ്രവചിക്കുന്നു. എൽഡിഎഫിന് 29 ശതമാനവും ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 19 ശതമാനത്തിലധികം വോട്ടും ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ 15 ശതമാനത്തോളം വോട്ടർമാർ ആർക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന്റെ തുടർച്ച യുഡിഎഫിന് നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണകരമായേക്കാം. അതേസമയം, ബിജെപി കേരളത്തിൽ ഒരു നിസ്സാര ശക്തിയല്ലെന്നും ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയുണ്ടെന്നും സർവ്വേ അടിവരയിടുന്നു. കോൺഗ്രസിനുള്ളിലെ വിഭാഗീയത യുഡിഎഫിന് വെല്ലുവിളിയായേക്കാമെന്നും വോട്ടർമാർക്കിടയിൽ അഭിപ്രായമുണ്ട്.
The NDTV-Vote Vibe survey, conducted ahead of the 2026 Kerala Assembly elections, indicates strong anti-incumbency against the LDF government. According to the poll, Opposition Leader V.D. Satheesan has emerged as the most preferred Chief Ministerial candidate with 22% support, surpassing incumbent Pinarayi Vijayan, who secured 18%. The survey predicts a vote share of 32% for UDF, 29% for LDF, and over 19% for NDA, suggesting a potential shift in the state's political landscape.