കൊച്ചി: രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു കൊണ്ട് ട്വന്റി 20 എൻഡിഎയിൽ ചേർന്നതിന് പിന്നാലെ പാർട്ടിയിൽ വൻ രാഷ്ട്രീയ നീക്കങ്ങൾ. സാബു എം. ജേക്കബിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് എറണാകുളത്തെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ട്വന്റി 20 വിട്ട് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക വാർത്താ സമ്മേളനം നടക്കും.(NDA entry, clash in Twenty20, A section to join Congress)
പ്രവർത്തകരുടെ കൂടുമാറ്റം പാർട്ടിയെ ബാധിക്കില്ലെന്നാണ് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിന്റെ നിലപാട്. ആശയപരമായ വലിയ തീരുമാനങ്ങൾ എടുക്കുമ്പോൾ ഒന്നോ രണ്ടോ ശതമാനം ആളുകൾ വിട്ടുപോയേക്കാം. അത് എല്ലാ പാർട്ടികളിലും സാധാരണമാണ്. കുറച്ചുപേർ പോകുമ്പോൾ നൂറു ശതമാനം പുതിയ ആളുകൾ കടന്നുവരും. ഭൂരിഭാഗം പ്രവർത്തകരും എൻഡിഎ പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തീരുമാനത്തിന് പിന്നിൽ ബിസിനസ് താല്പര്യമാണെന്ന ആരോപണം ജനങ്ങൾ തീരുമാനിക്കട്ടെ. കേരളത്തെ മാറ്റിയെടുക്കാനാണ് ഈ നീക്കമെന്നും സാബു എം. ജേക്കബ് കൂട്ടിചേർത്തു. ട്വന്റി 20യുടെ മുന്നണി മാറ്റം എറണാകുളത്തെ പ്രാദേശിക ഭരണകൂടങ്ങളിലും ചർച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് വടവുകോട്- പുത്തൻകുരിശ് പഞ്ചായത്തിലെ ഭരണം ഇടതുപക്ഷം ആയുധമാക്കുകയാണ്.
എൽഡിഎഫിന് 8 സീറ്റും യുഡിഎഫിന് 7 സീറ്റും ലഭിച്ച പഞ്ചായത്തിൽ ട്വന്റി 20യുടെ 2 അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നടത്തുന്നത്. എൻഡിഎയുടെ ഭാഗമായ ട്വന്റി 20യുടെ പിന്തുണയോടെ ഭരണം തുടരാൻ കോൺഗ്രസിന് നാണക്കേടില്ലേ എന്നാണ് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് സിപിഎം ഉറ്റുനോക്കുന്നത്.