NCP സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൽ തോമസ്.കെ.തോമസിനെ പിന്തുണക്കാൻ ശശീന്ദ്രൻ പക്ഷം. തോമസിന് പകരമായി പി.സി ചാക്കോ ബദൽ പേരുകൾ നിർദേശിച്ചാൽ അംഗീകരിക്കേണ്ടെന്നും തീരുമാനം. വൈസ് പ്രസിഡൻറ് പി.എം.സുരേഷ് ബാബുവിനെ അധ്യക്ഷനാക്കാൻ ചാക്കോ ശ്രമം നടത്തുന്നുവെന്ന നിഗമനത്തിലാണ് ഈ നിലപാട്. പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കാൻ ഈമാസം 25ന് യോഗം നടക്കാനിരിക്കെയാണ് ശശീന്ദ്രൻ പക്ഷം സമാന്തര യോഗം വിളിച്ചത്.
ജില്ലാ അധ്യക്ഷന്മാരെ മുൻനിർത്തി പി സി ചാക്കോ ബദൽ നീക്കം നടത്തുമെന്ന സംശയവും സമാന്തര യോഗം വിളിക്കാൻ കാരണമായി. തോമസിനെ അധ്യക്ഷനായി അംഗീകരിക്കാത്ത പക്ഷം ബദൽ മാർഗങ്ങൾ ആലോചിക്കാനും യോഗത്തിൽ ധാരണയായി. അങ്ങനെയെങ്കിൽ വീണ്ടും പിളർപ്പിന് കളമൊരുങ്ങും. മന്ത്രിസ്ഥാനമാറ്റം സംബന്ധിച്ച തർക്കത്തിനിടെ ചാക്കോ പുറത്താക്കിയ 3 ജില്ലാ അധ്യക്ഷന്മാർക്ക് പകരം നിയമിതരായവരെ സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൽ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടാനും ശശീന്ദ്രൻ പക്ഷം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് നടപടികൾക്ക് മുൻപ് ശശീന്ദ്രനും പീതാംബരൻ മാസ്റ്ററും നീരീക്ഷകരോട് ഇക്കാര്യം ആവശ്യപ്പെടും.