

കൊച്ചി: അഭിനയത്രി എന്നതിലുപരി മികച്ചൊരു നർത്തകിയായി പേരെടുത്ത നവ്യ നായർക്ക് അവിസ്മരണീയമായ പുതുവർഷ തുടക്കം. പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും നൃത്ത-സംഗീത മേഖലയിലെ കുലപതികളുടെയും സാന്നിധ്യത്തിൽ അരങ്ങേറിയ നൃത്ത പരിപാടിയുടെ വിശേഷങ്ങൾ നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. തന്റെ ഗുരു പ്രിയദർശിനി ഗോവിന്ദിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം ഹൃദയസ്പർശിയായ കുറിപ്പ് പോസ്റ്റ് ചെയ്തത്. നവ്യയുടെ നൃത്തം കാണാൻ കലാരംഗത്തെ വൻനിര തന്നെ എത്തിയിരുന്നു.
തനിക്ക് ഏറെ പ്രിയപ്പെട്ട പാർവ്വതി ചേച്ചി തന്റെ പെർഫോമൻസ് കാണാനെത്തിയത് വലിയ ഭാഗ്യമാണെന്ന് നവ്യ കുറിച്ചു. കുട്ടിക്കാലം മുതൽ താൻ ആരാധിക്കുന്ന വ്യക്തിത്വമാണ് വിനീത് എന്ന് നവ്യ പറഞ്ഞു. വീണയിൽ വിസ്മയം തീർക്കുന്ന രാജേഷ് വൈദ്യ, വയലിൻ മാന്ത്രികൻ ശിഖാമണി എന്നിവരുടെ സാന്നിധ്യവും നവ്യ എടുത്തുപറഞ്ഞു.
ഷൂട്ടിംഗിൽ നിന്നും പകുതി ദിവസം അവധിയെടുത്താണ് സുഹൃത്തായ അനുമോൾ നവ്യയെ പ്രോത്സാഹിപ്പിക്കാൻ എത്തിയത്.
കൂടാതെ മേതിൽ ദേവിക, ഗോപിക വർമ്മ, രേഖാ മേനോൻ, ഭരതനാട്യ നർത്തകൻ പവിത്ര ഭട്ട് തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. മാതാപിതാക്കൾക്കും മകൻ സായിക്കുമൊപ്പം ഈ മനോഹര നിമിഷം ആഘോഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും നവ്യ പങ്കുവെച്ചു.
നൃത്ത ക്ലാസുകളും സ്റ്റേജ് ഷോകളുമായി നിലവിൽ നൃത്ത മേഖലയിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. തന്റെ ഗുരുവിന്റെ മാർഗ്ഗനിർദ്ദേശങ്ങളാണ് തന്നെ ഈ നിലയിൽ എത്തിച്ചതെന്ന് നവ്യ പോസ്റ്റിൽ നന്ദിയോടെ സ്മരിക്കുന്നു.