നാവിക സേനാ ദിനാഘോഷം ഇന്ന് ശംഖുമുഖത്ത്: മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപതി മുർമു, തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം | Navy Day

പൊതുജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതണം
നാവിക സേനാ ദിനാഘോഷം ഇന്ന് ശംഖുമുഖത്ത്: മുഖ്യാതിഥിയായി രാഷ്ട്രപതി ദ്രൗപതി മുർമു, തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം | Navy Day
Updated on

തിരുവനന്തപുരം: രാജ്യത്തിന്റെ നാവിക സേനാ ദിനാഘോഷം ഇന്ന് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടക്കും. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അണിനിരക്കുന്ന വിസ്മയിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ അരങ്ങേറും.വൈകുന്നേരം നാല് മണിയോടെ രാഷ്ട്രപതി ദ്രൗപതി മുർമു തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ എത്തും. ഗവർണർ, മുഖ്യമന്ത്രി, നാവിക സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിക്കും. തുടർന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി, നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങൾ വീക്ഷിക്കും.(Navy Day celebrations today at Trivandrum, President as the chief guest)

പരിപാടികൾക്കു ശേഷം രാത്രി 7.45ഓടെ രാജ്ഭവൻ ലോക് ഭവനായ ശേഷം എത്തുന്ന ആദ്യ അതിഥിയായി രാഷ്ട്രപതി ലോക് ഭവനിൽ താമസിക്കും. നാളെ രാവിലെ 9.45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് തിരിക്കും. വൈകുന്നേരം നാലരയോടെയാണ് അഭ്യാസ പ്രകടനങ്ങൾ ആരംഭിക്കുക. പടക്കപ്പലുകൾ, അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ എന്നിവ അണിനിരക്കുന്ന 'ഓപ്പറേഷൻ ഡെമോ' എന്ന പേരിലുള്ള ദൃശ്യ വിസ്മയമാണ് നാവിക സേന പൊതുജനങ്ങൾക്കായി ഒരുക്കുന്നത്. നാവിക സേനാ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഇന്നലെ നടന്ന ഫൈനൽ റിഹേഴ്സൽ കാണാനും നിരവധി പേർ ശംഖുമുഖത്ത് എത്തിയിരുന്നു.

തിരുവനന്തപുരത്ത് നിർമ്മിക്കുന്ന നാവിക സേനയുടെ ഉപകേന്ദ്രം അടുത്ത വർഷം പ്രവർത്തന സജ്ജമാകും. മുട്ടത്തറയിലാണ് പുതിയ ഉപകേന്ദ്രം സ്ഥാപിക്കുന്നത്. സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായതായി നാവിക സേന ഉദ്യോഗസ്ഥർ അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, വിഎസ്എസ്‌സി തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താണ് തലസ്ഥാനത്ത് നാവിക കേന്ദ്രം സ്ഥാപിക്കുന്നത്.

നാവിക സേനാ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് വിപുലമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി വിമാന സർവീസുകളിലും യാത്രാ ക്രമീകരണങ്ങളിലും മാറ്റങ്ങളുണ്ട്.

ഇന്ന് വൈകുന്നേരം 4 മണി മുതൽ 6.15 വരെ വിമാനത്താവളത്തിലെ വിമാന സർവീസുകൾ നിർത്തിവെക്കും. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രക്കാർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരം 4 മണി മുതൽ 6.15 വരെ, ചാക്ക, കല്ലുംമൂട്, സ്റ്റേഷൻകടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്നും ശംഖുമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.

പാസില്ലാതെ വരുന്ന പൊതുജനങ്ങളുടെ വാഹനങ്ങൾ നഗരത്തിലെ നിശ്ചിത പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യണം. ഇവിടെ നിന്ന് പ്രത്യേകമായി സജ്ജീകരിച്ച കെഎസ്ആർടിസി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി പരിപാടി കാണാം. പരിപാടിക്ക് ശേഷം ഇതേ ബസുകളിൽ തിരിച്ച് പാർക്കിംഗ് ഗ്രൗണ്ടുകളിലേക്ക് പോകാവുന്നതാണ്. കെഎസ്ആർടിസി ഷട്ടിൽ ബസ് സർവീസുകൾ ഉച്ചയ്ക്ക് 1 മണി മുതൽ ആരംഭിക്കും. സർവീസിന് നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കും.

കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്നും വരുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ടിലും കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലുമാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. എം.സി റോഡ് വഴി വരുന്നവർ വാഹനങ്ങൾ എം.ജി കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നും വരുന്നവർ കവടിയാറിലുള്ള സാൽവേഷൻ ആർമി ഗ്രൗണ്ട്, സംസ്‌കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എൽ.എം.എസ് പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്നും വരുന്നവർ വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ട്, വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ് ഗ്രൗണ്ട്, വാട്ടർ അതോറിറ്റി പാർക്കിംഗ് കോമ്പൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. പാറശ്ശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്നും വരുന്നവർ കിള്ളിപ്പാലം ബോയ്സ് ഹൈസ്‌കൂൾ, ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ട്, ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ് പാർക്കിംഗ് ഗ്രൗണ്ടുകൾ, പുത്തരികണ്ടം മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കൽ ഭാഗങ്ങളിൽ നിന്നും വരുന്നവർ ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിംഗ് ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. വർക്കല, കടയ്ക്കാവൂർ, പെരുമാതുറ ഭാഗങ്ങളിൽ നിന്നും തീരദേശ റോഡ് വഴി വരുന്നവർ വാഹനങ്ങൾ പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും സെന്റ് സേവ്യേഴ്സ് കോളേജ് പാർക്കിംഗ് ഏരിയയിലുമാണ് പാർക്ക് ചെയ്യേണ്ടത്.

പൊതുജനങ്ങൾ കുടയും സ്റ്റീൽ കുപ്പിയും കൈയിൽ കരുതണം. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി ശംഖുമുഖത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫില്ലിങ് പോയിന്റുകളിൽ നിന്നും കുപ്പികളിൽ വെള്ളം നിറയ്ക്കാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com