
പത്തനംതിട്ട: എഡിഎം നവീന്‍ബാബു കൈക്കൂലി വാങ്ങിയില്ലെന്ന ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്നതു കുടുംബാംഗങ്ങള്‍ക്ക് നേരത്തേ തന്നെ വ്യക്തമായ കാര്യമാണെന്നും പുറത്തുവന്ന റിപ്പോര്‍ട്ട് ഇക്കാര്യം തെളിയിക്കുകയാണെന്നും മഞ്ജുഷ വ്യക്തമാക്കി. നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും സുപ്രീം കോടതിയിലേക്ക് നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.
‘‘പ്രശാന്തന്‍ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട പരാതിയാണ് ഈ വിഷയങ്ങള്‍ക്ക് ആധാരം. എന്നാല്‍, ഇപ്പോള്‍ ഇയാൾ ചിത്രത്തിലില്ല. അദ്ദേഹത്തിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുന്നുമില്ല. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയെ കുറിച്ച് പറയുന്നുമുണ്ട്.’’ – മഞ്ജുഷ പറഞ്ഞു.
കലക്ടറേറ്റിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിലേക്ക് പി.പി.ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യോഗത്തിനു മുൻപായി ദിവ്യ കലക്ടറെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. യോഗത്തിലേക്കു വരേണ്ടതില്ലെന്നാണു കലക്ടർ ദിവ്യയോടു പറഞ്ഞിരുന്നത്. എന്നാൽ കലക്ടറുടെ അഭിപ്രായം മാനിക്കാതെ യോഗത്തിൽ ദിവ്യ പങ്കെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ആലോചിച്ച് ഉറപ്പിച്ചാണ് ദിവ്യ യോഗത്തിലേക്ക് എത്തിയതെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് ഇത് വിഡിയോയിൽ ചിത്രീകരിക്കുകയും ചെയ്തു.