കണ്ണൂര്‍ : കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ കളക്ടര്‍ നല്‍കിയ മൊഴി ശരിവെച്ച് റവന്യൂ മന്ത്രി കെ രാജന്‍. പി പി ദിവ്യ എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച യാത്രയയപ്പ് സമ്മേളനത്തിന് പിന്നാലെ കലക്ടര്‍ വിളിച്ചിരുന്നുവെന്ന് മന്ത്രി സമ്മതിച്ചു.
എഡിഎമ്മിന്റെ യാത്രയയപ്പിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ നടത്തിയ അപമാന പ്രസംഗം ഉൾപ്പെടെ റവന്യൂ മന്ത്രിയെ അറിയിച്ചിരുന്നു എന്നാണ് കളക്ടർ മൊഴി നൽകിയിരുന്നത്. ഇതിനുശേഷം ജില്ലയിലെ റവന്യൂ പരിപാടികളിൽ മന്ത്രി കെ രാജൻ പങ്കെടുത്തിരുന്നില്ല. കളക്ടറുമായി വേദി പങ്കിടുന്നതിൽ ആയിരുന്നു എതിർപ്പ്. പക്ഷേ പിണക്കമില്ലെന്നാണ് മന്ത്രി കെ രാജൻ ഇപ്പോൾ പറയുന്നത്. 10 മാസത്തിനുശേഷമാണ് മന്ത്രി കെ രാജനും കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനും ഒരുമിച്ച് വേദി പങ്കിട്ടത്.
നവീൻ ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. റവന്യൂ വകുപ്പിന്റെ അന്വേഷണത്തിൽ ഒരു തെറ്റും ചെയ്തതായി കണ്ടെത്തിയിട്ടുമില്ല. തനിക്ക് മുഖ്യമന്ത്രിക്കും ഇക്കാര്യം ബോധ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. എഡിഎം നവീൻ ബാബു അഴിമതി ചെയ്തുവെന്ന് കളക്ടർ മൊഴി നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.