തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലേബർ കോഡിനെതിരെ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം. സംയുക്ത കിസാൻ മോർച്ച (എസ്.കെ.എം), സംയുക്ത തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.(Nationwide protests against the Labour Code, Will the Center be ready for discussion?)
തൊഴിൽ നിയമങ്ങൾ കോർപ്പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ പ്രധാന ആരോപണം. 26 തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതിയാണ് കേന്ദ്രം നാല് പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനെതിരെ പരസ്യ പ്രതിഷേധം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം.
ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ച ലേബർ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർമാർക്ക് നിവേദനം നൽകും. കൂടാതെ, പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിക്കും. കർഷക സമരത്തിന് നേതൃത്വം നൽകിയ സംഘടനകളുടെ കൂട്ടായ്മയാണ് എസ്.കെ.എം.
കേരളത്തിൽ സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി. ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകൾ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും. പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ, നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനായി കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എതിർപ്പുന്നയിച്ച യൂണിയനുകളുമായി ചർച്ച നടത്താനും അവരുടെ നിർദ്ദേശങ്ങൾ തേടാനും കേന്ദ്ര തൊഴിൽ മന്ത്രാലയം ഒരുങ്ങുമെന്നാണ് വിവരം.
ഒരു സ്ഥാപനത്തിൽ ആകെ തൊഴിലാളികളുടെ പത്ത് ശതമാനമോ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയനുകൾക്ക് പ്രവർത്തനം അനുവദിക്കൂ എന്ന കർശന നിയന്ത്രണം സംഘടനകൾ എതിർക്കുന്നുണ്ട്. അതേസമയം, പുതിയ പരിഷ്കാരത്തെ ചരിത്രപരമെന്നാണ് കേന്ദ്ര തൊഴിൽമന്ത്രി വിശേഷിപ്പിച്ചത്.