തിരുവനന്തപുരം : സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നയങ്ങളെ എതിർത്ത് കൊണ്ട് തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിലെ സ്‌കൂളുകളിൽ ഉൾപ്പെടെ സംഘർഷമുണ്ടായി. (National strike today)
കണ്ണൂർ ശ്രീകണ്ഠാപുരം നഗരസഭയിൽ ജോലിക്കെത്തിയ അധ്യാപകരുടെ വാഹനങ്ങളുടെ ടയറിൻ്റെ കാറ്റ് അഴിച്ചുവിട്ടു. വെള്ളരിക്കുണ്ട് പരപ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയെ സ്‌കൂളിൽ പൂട്ടിയിട്ടു. രാവിലെ പത്തു മണിയോടെയാണ് ഇടതു സംഘടനാ നേതാക്കൾ സിജിയെ ഓഫീസിൽ പൂട്ടിയിട്ടത്. പോലീസെത്തിയാണ് വാതിൽ തുറന്നത്. കേരളത്തിലെ ദേശീയ പണിമുടക്ക് ബന്ദായി മാറി. കെ എസ് ആർ ടി സി ബസുകളടക്കം നിരത്തിൽ ഇറങ്ങിയിട്ടില്ല.
സർവ്വീസ് നടത്താനുള്ള പലരുടെയും ശ്രമം പരാജയപ്പെട്ടു. പണിമുടക്ക് കേരളത്തിലെ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ മണ്ഡലത്തിൽ ഉൾപ്പെടെ കെ എസ് ആർ ടി സി സർവ്വീസ് നടത്തിയില്ല. പലയിടത്തും തർക്കങ്ങളുണ്ടായി.
പണിമുടക്കിൽ ആകെ സ്തംഭിച്ച് നിൽക്കുകയാണ് സെക്രട്ടറിയേറ്റും. ഇന്ന് ഇവിടെ ജോലിക്കെത്തിയത് ആകെ 423 പേരാണ്. 4686 പേരിൽ 90 ശതമാനം പേരും പണിമുടക്കി. പൊതുഭരണ വകുപ്പിൽ 320 പേരെത്തുകയും, ഫിനാൻസിൽ 99 പേരെത്തുകയും, നിയമവകുപ്പിൽ 4 പേരെത്തുകയും ചെയ്തു.