തിരുവനന്തപുരം: നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി. ബുധനാഴ്ച പണിമുടക്കുന്ന ജീവനക്കാർക്ക് വേതനം ലഭിക്കില്ലെന്ന് കെഎസ്ആർടിസി എംഡി വ്യക്തമാക്കി. നേരത്തെ ദേശീയ പണിമുടക്കിന് കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞിരുന്നു. പൊതുപണിമുടക്കിൽ പങ്കെടുക്കാൻ കെഎസ്ആർടിസിയിൽ യൂണിയനുകൾ നോട്ടീസ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയെ തള്ളി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസി ജീവനക്കാർ ബുധനാഴ്ച പണിമുടക്കുമെന്നും തൊഴിലാളികൾ നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ടെന്നും എൽഡിഎഫ് കൺവീനർ കൂടിയായ സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി.സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.