തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണമാണ്. സെക്രട്ടേറിയറ്റിലടക്കം ഹാജർ നില വളരെ കുറവാണ്. പണിമുടക്ക് തടയാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാർ വിട്ടുനിന്നു. 4600-ഓളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ഇന്ന് രാവിലെ 11 മണി വരെ വെറും 491 പേർ (10.6%) മാത്രമാണ് ജോലിക്ക് ഹാജരായത്.(National strike affected Kerala, attendance at the secretariat has decreased)
കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്കൂളിൽ അധ്യാപകരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായി. സ്കൂൾ ഗേറ്റിൽ കൊടികുത്തി ഉപരോധിച്ച സമരാനുകൂലികൾ ഒരു വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. വയനാട് കൽപ്പറ്റയിൽ ചരക്ക് ലോറി ഡ്രൈവറും ഐ.എൻ.ടി.യു.സി പ്രവർത്തകരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇവിടെ തുറന്നുപ്രവർത്തിക്കാൻ ശ്രമിച്ച സ്വകാര്യ ബാങ്ക് എ.ഐ.ടി.യു.സി പ്രവർത്തകർ ഇടപെട്ട് അടപ്പിച്ചു.
പാലക്കാട് ജില്ലയിൽ പണിമുടക്ക് പൂർണ്ണ സ്തംഭനമാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ണാർക്കാടും പട്ടാമ്പിയിലും പ്രകടനമായെത്തിയ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞതോടെ ഗതാഗതം മുടങ്ങി. അന്തർ സംസ്ഥാന ബസുകളടക്കം പാലക്കാട് നിരത്തിലിറങ്ങിയില്ല. ആലത്തൂർ, ഒറ്റപ്പാലം മേഖലകളിലും കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്.
ഇടുക്കി കട്ടപ്പനയിൽ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ ബാങ്കുകളും മുത്തൂറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു. ജില്ലയിലെ തോട്ടം മേഖല നിശ്ചലമാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ എത്താത്തതും പ്രതിസന്ധി രൂക്ഷമാക്കി. വയനാട്ടിലും സമാനമായ സ്ഥിതിയാണുള്ളത്. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ ഇടത്-വലത് മുന്നണി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. അപൂർവ്വം ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ജില്ലയിൽ നിരത്തിലിറങ്ങിയത്.
സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ നിലച്ചു. കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, ഇടുക്കി കുമളിയിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ മുടക്കമില്ലാതെ തുടരുന്നത് അയ്യപ്പഭക്തർക്ക് ആശ്വാസമായി.



