ഡല്‍ഹി: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ നിര്‍മാണം 2025 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.ഇത് സംബന്ധിച്ച് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.
നിര്‍മാണപ്രവൃത്തിയിലുണ്ടായ വീഴ്ചകളെ കുറിച്ചും അതിനെതിരെ സ്വീകരിച്ച നടപടികളെ കുറിച്ചും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ വിശദീകരിച്ചത് ചർച്ച ചെയ്‌തു.
മലപ്പുറം ജില്ലയിലെ കൂരിയാട് മാത്രമല്ല മറ്റുചില ജില്ലകളിലും ചില വിള്ളലുകളും ചില പ്രശ്‌നങ്ങളും സംസ്ഥാനസര്‍ക്കാര്‍ നേരത്തെ തന്നെ ശ്രദ്ധയില്‍ പെടുത്തിയതാണ്. ഇന്നത്തെ കൂടിക്കാഴ്ചയില്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നിര്‍മ്മാണത്തില്‍ അപാകത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ച് ഇടപെടുമെന്നും ഉറപ്പുനല്‍കി.
സംസ്ഥാനസര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായി ഇടപെട്ടു. കേരളം മുന്നോട്ടുവെച്ച് 14 പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ആകെ 20 പദ്ധതികളാണ് മുന്നോട്ടുവെച്ചത്. അംഗീകാരം ലഭിക്കാത്ത പദ്ധതികള്‍ക്ക് ചര്‍ച്ചയിലൂടെ അനുമതി നേടും.കൊല്ലം ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ് പദ്ധതിക്ക് സെപ്റ്റംബര്‍ മാസം ഉത്തരവ് ആകും.
കണ്ണൂര്‍, കോഴിക്കോട് എയര്‍പോര്‍ട്ടുകളുമായി ബന്ധപ്പെട്ട റോഡുകള്‍ക്കും വേഗത്തില്‍ അനുമതി നല്‍കും. കിഫ്ബി വഴിയാണ് പല പദ്ധതിക്കും പണം ലഭ്യമാക്കിയത്. ഇത് കാരണം കടമെടുപ്പ് പരിധിയില്‍ വലിയ വെട്ടിക്കുറവ് ഉണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.