
കൊച്ചി: ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫി (ഐഎഇ) യുടെ വാര്‍ഷിക സമ്മേളനമായ എക്കോ ഇന്ത്യ 2025ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഞായാറാഴ്ച (സെപ്തം 21) വരെ നീളുന്ന സമ്മേളനത്തില്‍ ഹൃദ്രോഗചികില്‍സാ രംഗത്തു നിര്‍ണായകമായ കാര്‍ഡിയോവസ്‌കുലാര്‍ ഇമേജിംഗിലെയും എക്കോകാര്‍ഡിയോഗ്രാഫിയിലെയും നൂതന കണ്ടുപിടുത്തങ്ങളും പ്രവണതകളും അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് (സെപ്തം 19) വൈകീട്ട് 6ന് കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നിര്‍വഹിക്കും. എക്കോ ഇന്ത്യ 2025 ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍, ഐഎഇ ദേശീയ പ്രസിഡന്റ് ഡോ. ആര്‍. മണിവാസകം, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശന്തനു സെന്‍ഗുപ്ത, ഐഎഇ ജനറല്‍ സെക്രട്ടറി ഡോ. സിമ്മി മനോച്ച, ഐഎഇ കേരള ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ. കെ. സുനിത വിശ്വനാഥന്‍, എക്കോ ഇന്ത്യ 2025 ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജെയിംസ് തോമസ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
ഇന്നലെ (സെപ്റ്റംബര്‍ 18) അഞ്ചു വേദികളിലായി ഗര്‍ഭസ്ഥ ശിശുവിന്റെ എക്കോ, കോണ്‍ട്രാസ്റ്റ് എക്കോ - തുടക്കം മുതല്‍ ഒടുക്കം വരെ, എക്കോ ഫോര്‍ സ്ട്രക്ചറല്‍ ഇന്റര്‍വെന്‍ഷന്‍സ്, എക്കോ ഫോര്‍ ട്രാന്‍സ് സെപ്റ്റല്‍ അക്‌സസ്, എക്കോ സ്ട്രാറ്റജീസ് ഫോര്‍ പാരാവള്‍വുലര്‍ ലീക്ക് ക്ലോഷര്‍, എക്കോ എസന്‍ഷ്യല്‍സ് ഫോര്‍ ടിഎവിഐ പ്ലാനിംഗ്, യുസ് ഗൈഡഡ് വസ്‌കുലര്‍ അക്‌സെസ്, സ്‌ട്രെയിന്‍ വര്‍ക്ഷോപ്പ്, ഹീമോഡൈനാമിക് അസ്സസ്‌മെന്റ് ആന്‍ഡ് പോക്കസ്, ചേമ്പര്‍ ക്വാണ്ടിഫിക്കേഷന്‍ 2ഡി ആന്‍ഡ് 3ഡി എക്കോ, കോംപ്രിഹന്‍സീവ് അസസ്സ്‌മെന്റ് ഓഫ് എംആര്‍ ആന്‍ഡ് എഎസ് ഫോര്‍ സ്ട്രക്ചറല്‍ ഇന്റര്‍വെന്‍ഷന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. നൂറിലധികം അന്തരാഷ്ട്ര വിദഗ്ധരുടെ പ്രഭാഷണങ്ങളും ശില്‍പ്പശാലകളും 150-ലധികം കേസ് സ്റ്റഡികളും ഗവേഷണ പ്രബന്ധങ്ങളും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറുന്നുണ്ട്.
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 15ലേറെ ഡോക്ടര്‍മാര്‍ക്കു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500ലേറെ ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനം 21ന് (ഞായറാഴ്ച) സമാപിക്കും.