
തിരുവല്ല: ചെന്നൈ- തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 4 കിലോ കഞ്ചാവ് എക്സൈസ് സംഘം കണ്ടെത്തി(Narcotics). സീറ്റിനടിയിലെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 4 പാക്കറ്റുകളിലായിട്ടാണ് കഞ്ചാവ് ഉണ്ടായിരുന്നത്. ട്രെയിനിൽ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുകൾ കടത്തുന്നത് കണ്ടുപിടിക്കുന്നതിനായി പത്തനംതിട്ട എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡ്, ആർ.പി.എഫുമായി ചേർന്ന് തിരുവല്ല റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ ഇത് കടത്തിയതാരെന്ന് കണ്ടെത്താനായില്ല. ആർ..പി.എഫിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ റോബർട്ട്.വി വ്യക്തമാക്കി.
എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യൻ എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാത്യു ജോൺ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ഗിരീഷ് ബി എൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുബലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ അജിത്ത് എം.കെ, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
മദ്യം,മയക്കുമരുന്ന് സംബന്ധിച്ച പരാതികൾ 155358 എന്ന ടോൾഫ്രീ നമ്പറിലും സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ 9400069473 എന്ന നമ്പരിലും ജില്ലാ ഓഫീസ് 0468 – 2222873 എന്ന നമ്പരിലും അറിയിക്കാമെന്ന് അസി.എക്സെസ് കമ്മിഷണർ രാജീവ് ബി.നായർ അറിയിച്ചു.