തിരുവനന്തപുരം : കേരളത്തെയൊട്ടാകെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലയിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. വിധി പ്രസ്താവിച്ചത് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ്. ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിച്ചത്. പ്രതി 15 ലക്ഷം രൂപ പിഴയൊടുക്കണം.(Nanthancode mass murder case)
പ്രതിയായ കേദലിന് മാനസിക വൈകല്യമുണ്ടെന്നും, ഇയാളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, മാനസിക വൈകല്യം ഉള്ളയൊരാൾ എങ്ങനെയാണ് മൂന്ന് പേരെ കത്തിച്ചു കൊന്നതെന്ന് പ്രോസിക്യൂഷൻ തിരിച്ചടിച്ചു. ആരോടും സഹകരിക്കാത്തത് മാനസിക രോഗം അല്ലെന്നും, ജൻമം നൽകിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാൻ സാധിച്ചുവെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
പ്രതി പുറത്തിറങ്ങിയാൽ ഇത്തരം പ്രവൃത്തി ചെയ്യില്ലെന്ന് ആർക്ക് ഉറപ്പ് നൽകാൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു. നിലവിൽ കോടതിയിൽ വാദപ്രതിവാദം നടക്കുകയാണ്. ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തൻ്റെ പിതാവ് എ രാജ തങ്കം (60), അമ്മ ഡോ. ജീൻ പത്മ (58), സഹോദരി കരോലിൻ (26), ബന്ധു ലളിത (70) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
പിഴത്തുക നൽകേണ്ടത് കേസിലെ സാക്ഷിയായ അമ്മാവൻ ജോസ് സുന്ദരത്തിനാണ്. ഇദ്ദേഹം വീടും സ്ഥലവും പ്രതിയുടെ അമ്മയ്ക്ക് എഴുതി നൽകിയിരുന്നു. ആരും സഹായത്തിനില്ലാതെ വീൽച്ചെയറിലാണ് അദ്ദേഹമിപ്പോൾ.