കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിൻ്റെ വികസന സദസ് നടന്ന വേദിക്ക് മുന്നിൽ യു.ഡി.എഫ്. നേതാവും എം.എൽ.എ.യുമായ ചാണ്ടി ഉമ്മൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പരിപാടിയുടെ പോസ്റ്ററുകളിലും പ്രചാരണ സാമഗ്രികളിലും തൻ്റെ അനുവാദമില്ലാതെ പേരും ചിത്രവും ഉപയോഗിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വികസന സദസ്സ് തുടങ്ങിയതു മുതൽ അവസാനിക്കുന്നത് വരെ ചാണ്ടി ഉമ്മൻ പ്രതിഷേധം തുടർന്നു.(Name and image used without permission, Chandy Oommen's sit-in protest in Kottayam)
നിർമ്മാണം നിലച്ചു കിടക്കുന്ന മിനി സിവിൽ സ്റ്റേഷന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടുന്നതിനെതിരെയും ചാണ്ടി ഉമ്മൻ വേദിയിൽ വിമർശനം ഉന്നയിച്ചു. സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടി യാതൊരു നടപടിയും സ്വീകരിക്കാതെ, സിവിൽ സ്റ്റേഷൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയപരമായ കാരണങ്ങളാൽ തൻ്റെ പേരും ചിത്രവും ഉപയോഗിച്ച് പ്രചാരണം നടത്തിയതിൽ പ്രതിഷേധിച്ചാണ് വികസന സദസ്സിൽ പങ്കുചേരാതെ വേദിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ചാണ്ടി ഉമ്മൻ തീരുമാനിച്ചത്.