തിരുവനന്തപുരം: എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി നായർ ഐക്യവേദി. സമുദായ നന്മയെ അവഗണിച്ച് വ്യക്തിഗത നേട്ടങ്ങൾക്കായി എൻ.എസ്.എസ്. നേതൃത്വം പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചാണ് നായർ ഐക്യവേദിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.(Nair AikyaVedi against NSS leadership and Sukumaran Nair )
ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് വിദ്യാധിരാജാപുരത്താണ് വിവിധ നായർ സംഘടനകളുടെ പങ്കാളിത്തത്തോടെ നായർ നേതൃസംഗമം നടന്നത്. എൻ.എസ്.എസിന്റെ സമീപകാല നിലപാടുകളോടുള്ള ശക്തമായ വിയോജിപ്പാണ് സംഗമത്തിൽ ഉയർന്നുവന്നത്.
ഇന്നത്തെ എൻ.എസ്.എസ്. നേതൃത്വം സമുദായ നന്മയ്ക്കായല്ല പ്രവർത്തിക്കുന്നത്. മറിച്ച്, വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് നിലവിലെ ജനറൽ സെക്രട്ടറി പ്രവർത്തിക്കുന്നത്. നായർ സമുദായത്തോടുള്ള സർക്കാർ അവഗണനയ്ക്കെതിരെയും സംഗമം പ്രതിഷേധം അറിയിച്ചു.
നിലവിലെ എൻ.എസ്.എസ്. നേതൃത്വത്തിന്റെ പ്രവർത്തനശൈലിയിൽ അസംതൃപ്തരായ വിവിധ നായർ സംഘടനകളെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് ഈ സംഗമത്തിലൂടെ നായർ ഐക്യവേദി ലക്ഷ്യമിടുന്നത്. ഈ നീക്കം എൻ.എസ്.എസ്. നേതൃത്വത്തിന് പുതിയ വെല്ലുവിളിയാകും.