പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ എൻ.വാസുവിനെ റിമാൻഡു ചെയ്തു. 24വരെയാണ് വാസുവിനെ റിമാൻഡു ചെയ്തത്.എസ്ഐടി പിന്നീട് കസ്റ്റഡി അപേക്ഷ റാന്നി കോടതിയിൽ നൽകും. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെ സമ്പൂർണ്ണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എൻ വാസുവിന്റെ അറസ്റ്റ്.
കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലെ മൂന്നാം പ്രതിയാണ് വാസു.കട്ടിളപ്പാളിയിലെ സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ വാസു 2019 മാർച്ച് 19ന് നിർദേശം നൽകിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. ഈ സമയത്ത് വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു.ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവും വാസുവിനെതിരെ മൊഴി നല്‍കിയിരുന്നു.
എൻ. വാസു പ്രസിഡന്റായിരിക്കെയാണ് സ്വർണംപൂശൽ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിവാദ ഇ-മെയിൽ സന്ദേശം ലഭിച്ചത്. സ്വർണം ബാക്കിയുണ്ടെന്നും ഇത് ഒരു പെൺകുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയിൽ സന്ദേശം. ചൊവ്വാഴ്ച ഇഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.