തിരുവനന്തപുരം : മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ വാസു ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തി. താൻ ഉള്ള കാലത്തല്ല ദ്വാരപാലക ശിൽപങ്ങൾ ഇളക്കി കൊണ്ടുപോകുന്നതും തിരികെ സ്ഥാപിക്കുന്നതും നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. (N Vasu on Sabarimala gold case)
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമില്ല എന്നും, സ്പോൺസർ എന്ന നിലയിൽ കണ്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മെയിലിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അനുമതിയല്ല, ഉപദേശമാണ് തേടിയതെന്ന് പറഞ്ഞ അദ്ദേഹം, മെയിൽ കൈമാറുന്നത് സ്വാഭാവിക നടപടി ആണെന്നും വ്യക്തമാക്കി. മെയിൽ വന്നാൽ കീറിക്കളയാൻ പഠിച്ചിട്ടില്ല എന്നും, എന്തിനാണ് മെയിൽ അയച്ചതെന്ന് അയാളോട് തന്നെ ചോദിക്കണമെന്നും എൻ വാസു പ്രതികരിച്ചു.
ഹൈക്കോടതി നിർദ്ദേശം അനുസരിച്ചുള്ള അന്വേഷണം ശനിയാഴ്ച ആരംഭിക്കും
ഏറെ വിവാദമായ ശബരിമല സ്വർണ്ണപ്പാളി തട്ടിപ്പിൽ ഹൈക്കോടതി നിർദേശിച്ചത് പ്രകാരമുള്ള അന്വേഷണം ആരംഭിക്കുന്നത് ശനിയാഴ്ചയാണ്. സംസ്ഥാന സർക്കാർ കോടതി നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം വിട്ടുനൽകേണ്ടതാണ്. ഇക്കാര്യത്തിൽ സർക്കാർ വെള്ളിയാഴ്ച നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷം യോഗം ചേർന്ന് അന്വേഷണ സംഘം തുടർനടപടികൾ ആലോചിക്കും. ദേവസ്വം വിജിലൻസ് നിലവിൽ പകുതിയിലേറെ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷം ഇന്ന് നിയമസഭയിൽ വീണ്ടും സ്വർണ്ണപ്പാളി വിഷയം ഉന്നയിക്കും. കഴിഞ്ഞ ദിവസം ഇതേച്ചൊല്ലി വലിയ അശാന്തതയാണ് ഉണ്ടായത്. സർക്കാരിനെതിരെ കൂടുതൽ കടുപ്പിക്കാനാണ് നീക്കം.