തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്റും കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ, പോലീസുകാർക്കെതിരെ ശിപാർശകളില്ലാതെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. പ്രതി രക്ഷപ്പെടാതെ കടുത്ത കരുതലോടെ കൊണ്ടുപോകണമെന്ന ജയിൽ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചാണ് പ്രവർത്തിച്ചത്.(N Vasu handcuffing incident, Report submitted without recommendation against police officers)
ഒരു കൈയിൽ പ്രതിയുടെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചത്. കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി മടങ്ങുമ്പോഴും കൈവിലങ്ങ് ധരിച്ചിരുന്നു. ഈ സമയത്ത് എസ്.ഐ.ടി. ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും പോലീസുകാർ വിശദീകരിച്ചു. ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പോലീസുകാർ മൊഴി നൽകിയിട്ടുള്ളത്.
എ.ആർ. ക്യാമ്പിലെ ഒരു എസ്.ഐ.യും നാല് പോലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് ബി.എൻ.എസ്. നിയമത്തിൽ (ഭാരതീയ ന്യായ സംഹിത) പ്രതിപാദിക്കുന്നുണ്ട്. ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ നടപടിയാണിത്.
സംഭവം നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പെഷ്യൽ ബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നടപടിയിൽ ഡി.ജി.പി. അതൃപ്തി രേഖപ്പെടുത്തി. പ്രതിയുടെ പ്രായം, കുറ്റകൃത്യങ്ങളുടെ സ്വഭാവം തുടങ്ങിയ നിയമകാര്യങ്ങൾ പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സർക്കാരിന് അവമതിപ്പുണ്ടാക്കി എന്നും റിപ്പോർട്ടിൽ പറയുന്നു. എ.ആർ. കമാൻഡന്റാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്.