

കോഴിക്കോട്: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന്റെ പേരിൽ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്ത, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ നാളെ വീണ്ടും സ്റ്റേഷനിൽ ഹാജരാകും. എന്നാൽ, ചോദ്യം ചെയ്യലിന്റെ പേരിൽ നേതാവിനെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയാൽ സ്റ്റേഷൻ ഉപരോധിക്കുമെന്ന കർശന മുന്നറിയിപ്പുമായി ഡി.സി.സി രംഗത്തെത്തി.
കഴിഞ്ഞ ദിവസം എൻ. സുബ്രഹ്മണ്യനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത പോലീസിന്റെ നടപടി വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമുള്ള കേസിൽ, ജില്ലയിലെ മുതിർന്ന നേതാവിനെ തിരക്കിട്ട് കസ്റ്റഡിയിലെടുത്തതിനെതിരെ കോൺഗ്രസ് പ്രവർത്തകർ ചേവായൂർ സ്റ്റേഷൻ ഉപരോധിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് നാളെ രാവിലെ 11 മണിക്ക് ഹാജരാകാൻ നോട്ടീസ് നൽകി അദ്ദേഹത്തെ വിട്ടയച്ചത്.
സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ചിത്രം പങ്കുവെച്ചതിന്റെ ഉറവിടം കണ്ടെത്താനായി ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് (Digital Forensics) വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ താൻ പങ്കുവെച്ച ചിത്രം ആധികാരികമാണെന്ന നിലപാടിൽ സുബ്രഹ്മണ്യൻ ഉറച്ചുനിൽക്കുകയാണ്.