തിരുവനന്തപുരം : കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ.പ്രശാന്തിന്റെ സസ്പെൻഷൻ ആറു മാസത്തേക്ക് നീട്ടി. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാനം അറിയിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാരാണ് സസ്പെൻഷൻ നീട്ടിയത്.
ധന അഡിഷനൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചതിനു 2024 നവംബർ 10നാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്‍ഷൻ പലതവണ നീട്ടി. നിലവിൽ ചീഫ് സെക്രട്ടറിയാണ് ജയതിലക്.
2024 നവംബർ പത്തിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെന്‍ഷൻ പലതവണ നീട്ടി.മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ എ ജയതിലകാണെന്ന് ആരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്പെൻഷനിലേക്ക് നയിച്ചത്. അഴിമതി വെളിച്ചത്തുകൊണ്ടുവരുന്ന വിസിൽ ബ്ലോവറുടെ റോളാണു താൻ ഏറ്റെടുത്തിരിക്കുന്നതെന്നും സഹപ്രവർത്തകനെ വിമർശിക്കുന്നത് സർവീസ് ചട്ടലംഘനമല്ലെന്നും പ്രശാന്ത് വാദിച്ചെങ്കിലും ചട്ടലംഘനം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്.