
ബിഗ് ബോസ് സീസൺ ഏഴ് ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. വീട്ടിൽ വാശിയേറിയ പോരാട്ടമാണ് ഓരോ മത്സരാർത്ഥികളും നടത്തുന്നത്. കഴിഞ്ഞ ദിവസം മത്സരാർത്ഥികളുടെ ജീവിതകഥ പറയുന്ന എപ്പിസോഡിൽ നടൻ ഷാനവാസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ഉമ്മയേയും തന്റെ ഭാര്യയെയും കുറിച്ചാണ് ഷാനവാസ് പറയുന്നത്. താൻ നടനായി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഉമ്മയായിരുന്നുവെന്നും ഇതിനായി ഉമ്മ കയ്യിലെ വളയൂരി കൊടുത്തുവെന്നും ഷാനവാസ് പറയുന്നു.
തന്റെ ഉപ്പയും ഉമ്മയും പ്രേം നസീറിന്റെ വലിയ ഫാൻ ആയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മകന്റെ പേര് തനിക്ക് ഇട്ടതെന്നും ഷാനവാസ് പറയുന്നു. "എന്നെ ഒരു നടനായി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് എൻ്റെ ഉമ്മയായിരുന്നു. എന്റെ ആഗ്രഹങ്ങൾക്കായി കൈയിലുള്ള വളയൂരി തരും. ഇത് വച്ച് ഞാൻ ചാൻസിനായി അലയും. ആ കാശ് തീരും. ഒരിക്കൽ പോലും തന്റെ ആഗ്രഹങ്ങൾക്ക് ഉമ്മ എതിര് നിന്നിരുന്നില്ല. ഇങ്ങനെയാണ് എനിക്ക് ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവ് സീരിയൽ കിട്ടുന്നത്. അൻപത് ദിവസത്തേക്കാണ് വിളിച്ചതെങ്കിലും എന്റെ പ്രകടനം കണ്ട് അത് നീട്ടി കൊണ്ടു പോവുകയായിരുന്നു." - ഷാനാവാസ് പറയുന്നു.
"അന്ന് എനിക്ക് ഏഷ്യാനെറ്റിന്റെ മോസ്റ്റ് പോപ്പുലർ അവാർഡ് കിട്ടി. ആ വേദിയിൽ ഉമ്മയും ഉണ്ടായിരുന്നു. അവാർഡുമായി ഉമ്മയുടെ അടുത്ത് ഞാൻ പോയപ്പോൾ ആ കണ്ണിൽ നിന്നും വന്ന കണ്ണീർ ഇന്നും ഓർമയുണ്ട്. നാല് വർഷം മുൻപ് ആയിരുന്നു ഉമ്മയുടെ വിയോഗം. അത് വലിയൊരു ഷോക്കായിരുന്നു. എന്റെ മടിയിൽ കിടന്നായിരുന്നു മരിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മ." - ഷാനവാസ് കൂട്ടിച്ചേർത്തു.
വിവാഹത്തെ കുറിച്ചും ഷാനാവാസ് പറഞ്ഞു. രണ്ട് മൂന്ന് വിവാഹ ആലോചന വന്നെന്നും എന്നാൽ തനിക്കൊന്നും ഇഷ്ടമായില്ലെന്നുമാണ് ഷാനവാസ് പറയുന്നത്. "പിന്നീട് തന്റെ ബന്ധു ഒരു വിവാഹത്തിന് വന്നപ്പോൾ ഒരു പെൺകുട്ടിയെ കുറിച്ച് പറഞ്ഞു. ആ പെൺകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു. വിവാഹവും കഴിഞ്ഞു. ഞങ്ങൾക്കൊരു ആൺകുഞ്ഞും ജനിച്ചു. എന്നാൽ ഉമ്മയും ഭാര്യയും തമ്മിൽ സ്വരചേർച്ചയിലായിരുന്നില്ല. വീട്ടിൽ ഒരു സമാധാനവും ഉണ്ടാവില്ല. രണ്ട് കൂട്ടരിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവിൽ ഭാര്യ വീട്ടിൽ പോയി. ഞാൻ ഒറ്റപ്പെട്ടു. എന്റെ അവസ്ഥ കണ്ട് ഉമ്മ അവളെ പോയി വിളിക്കാൻ പറഞ്ഞു. എന്നാൽ ഭാര്യ വന്നില്ല. പിന്നീട് പലതവണ പോയി ഞാൻ അവളെ വീട്ടിലേക്ക് കൊണ്ടുവന്നു. ശേഷമാണ് എനിക്ക് മകൾ ജനിക്കുന്നത്." - ഷാനവാസ് കൂട്ടിച്ചേർത്തു.