കൊച്ചി: നഗരത്തിൽ എയർ ഹോണുകൾ കൂട്ടത്തോടെ നശിപ്പിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) നോട്ടീസ് നൽകി. ഗതാഗത മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇന്നലെ എയർ ഹോണുകൾ നശിപ്പിച്ചത്. എന്നാൽ, എയർ ഹോൺ പൊളിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.(MVD issues notice to road roller that destroyed air horns)
റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ചാമക്കാല മന്ത്രിയുടെ നടപടിയെ പരിഹസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എംവിഡിയുടെ ഇടപെടൽ. റോഡ് റോളറിന്റെ ഉടമയ്ക്ക് ഒരാഴ്ചയ്ക്കകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്.
കൊച്ചിയിൽ ഇന്നലെ രാവിലെ മുതൽ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധനയാണ് നടത്തിയത്. നിരവധി അന്തർ സംസ്ഥാന ബസുകളിൽ നിന്നടക്കം എയർഹോണുകൾ പിടിച്ചെടുത്തിരുന്നു. വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എയർഹോണുകൾക്കെതിരെ പ്രത്യേക പരിശോധന നടത്തണമെന്നും, പിടിച്ചെടുക്കുന്ന ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നുമായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശം. ഈ നിർദേശം നടപ്പാക്കിക്കൊണ്ടാണ് എംവിഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എയർഹോണുകൾക്കെതിരെ പരിശോധന നടക്കുകയും വ്യാപകമായി ഹോണുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.