തിരുവനന്തപുരത്ത് അന്തർസംസ്ഥാന ബസുകൾക്കെതിരെ MVDയുടെ പരിശോധന: 10 ബസുകൾ പിടികൂടി, ലക്ഷങ്ങളുടെ പിഴ | MVD

ടാക്സ് വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തി
തിരുവനന്തപുരത്ത് അന്തർസംസ്ഥാന ബസുകൾക്കെതിരെ MVDയുടെ പരിശോധന: 10 ബസുകൾ പിടികൂടി, ലക്ഷങ്ങളുടെ പിഴ | MVD
Published on

തിരുവനന്തപുരം: ടാക്സ് അടയ്ക്കാതെ ഓടുന്ന അന്തർസംസ്ഥാന ബസുകൾ കണ്ടെത്താനായി മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ ശക്തമായ പരിശോധന ആരംഭിച്ചു. കഴക്കൂട്ടം ഉൾപ്പെടെ മൂന്നിടത്തായി നടത്തിയ പരിശോധനയിൽ പത്തോളം ബസുകളാണ് പിടികൂടിയത്.(MVD inspects interstate buses in Thiruvananthapuram)

കഴക്കൂട്ടത്തുനിന്ന് പിടികൂടിയ മൂന്ന് ബസുകൾക്ക് മാത്രം പത്തുലക്ഷം രൂപയിലധികമാണ് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയത്. അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന പല ബസുകളും ടാക്സ് അടയ്ക്കാതെയാണ് ഓടുന്നത് എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

അമരവിള, തിരുവനന്തപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള സർവീസ് ആരംഭിക്കുന്നതിനായി പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകളിലടക്കം പരിശോധന നടത്തി.

പ്രതിദിന അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ മിനിമം മൂന്നുമാസത്തെ ടാക്സ് (ക്വാർട്ടർ ടാക്സ്) അടയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ പലരും ഒരു മാസത്തെ ടാക്സ് അല്ലെങ്കിൽ ഒറ്റത്തവണ സർവീസിനുള്ള ചെറിയ താൽക്കാലിക ടാക്സ് മാത്രമാണ് അടച്ച് സർവീസ് നടത്തുന്നത്. ശബരിമല ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളുടെ പേരിൽ താൽക്കാലിക ടാക്സ് എടുത്ത് പ്രതിദിന സർവീസ് നടത്തുന്നതും കണ്ടെത്തിയിട്ടുണ്ട്.

പിഴ ചുമത്തിയ ബസുകൾ പിഴ ഒടുക്കിയശേഷം മാത്രമേ വിട്ടുനൽകൂ എന്ന് ആർ.ടി.ഒ. അറിയിച്ചു. ക്വാർട്ടർ ടാക്സ് അടയ്ക്കാത്തവരെ കണ്ടെത്താൻ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് എം.വി.ഡി.യുടെ തീരുമാനം.

Related Stories

No stories found.
Times Kerala
timeskerala.com