

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് താൽക്കാലികം മാത്രമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (M.V. Govindan). രാഹുൽ മാങ്കൂട്ടത്തിലിനെ ഭാവി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചവരുടെ മാനസികനില പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ഡി.എഫ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പത്രികയുടെ പ്രകാശനം നിർവഹിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"തുടർച്ചയായി കേസുകൾ വന്നുകൊണ്ടിരിക്കുമ്പോൾ ഒളിവിലും തെളിവിലുമായി ജീവിതം മുന്നോട്ട് നയിക്കുന്ന അപൂർവം ആളായി രാഹുൽ മാങ്കൂട്ടത്തിൽ മാറും. രാഹുലിനെതിരെ രംഗത്തുവന്ന സ്ത്രീയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്," എം.വി. ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിന്റെ തണലിലാണ് രാഹുൽ ഒളിവ് ജീവിതം നയിക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഇല്ലെങ്കിൽ പോലും യു.ഡി.എഫിന് തിരിച്ചടി ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. കടുത്ത പ്രതിസന്ധിയിലാണ്. കോൺഗ്രസ്സിൽ രാഹുലിനൊപ്പം നിൽക്കുന്ന ക്രിമിനൽ സംഘവും ശുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരും എന്നിങ്ങനെ രണ്ട് വിഭാഗമുണ്ട്.
കൊല്ലത്ത് ദേശീയപാത തകർന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകിയ അദ്ദേഹം, "ദേശീയ പാത എങ്ങനെയെങ്കിലും തകർന്നു കിട്ടട്ടെ എന്ന മാനസിക നിലയുള്ളവരോട് എന്ത് പറയാനാണെ"ന്ന് ചോദിച്ചു. ദേശീയ പാത തകർന്നാൽ അത് പരിഹരിക്കുന്നതിന് മുൻകൈ എടുക്കുകയല്ലേ വേണ്ടത്? ദേശീയ പാത അതോറിറ്റിയാണ് നിർമാണം നടത്തുന്നത്. അവർക്കാണ് ഉത്തരവാദിത്തം. സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി പണം നൽകുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും ഗോവിന്ദൻ വ്യക്തമാക്കി. 9 വർഷം എൽ.ഡി.എഫ്. ഭരിച്ചിട്ടും ഭരണവിരുദ്ധ വികാരമില്ലെന്നും, പ്രതിപക്ഷം പ്രതിക്കൂട്ടിലായ തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CPM State Secretary M.V. Govindan stated that the High Court's stay on Rahul Mamkoottathil's arrest is temporary and severely criticized those who projected Mamkoottathil as Kerala's future Chief Minister, suggesting their mental status should be examined. Govindan accused Mankuttathil of leading a life "partly in hiding and partly in the open" under the protection of the Congress party.