തളിപ്പറമ്പ്: എൻഡിഎയിൽ ചേർന്നാൽ കേരളത്തിന് സഹായം ലഭിക്കുമെന്ന കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ പ്രസ്താവന ഫെഡറലിസത്തിന് വിരുദ്ധമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത് രാജ്യത്തെ നിയോ ഫാസിസത്തിലേക്ക് നയിക്കുന്ന ഏകാധിപത്യ പ്രവണതയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണഘടനാ സ്ഥാപനങ്ങളെ ആർഎസ്എസിന്റെ ചൊൽപ്പടിക്ക് നിർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. അത്താവാലെയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാക്കയുടെ നിറം കറുപ്പാണെന്നത് പോലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആത്യന്തിക ലക്ഷ്യം മതരാഷ്ട്രവാദമാണ്. അവർ അത് തുറന്നുപറഞ്ഞതിൽ അത്ഭുതമില്ല. ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദികളല്ലെന്ന് വാദിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇപ്പോൾ പുറത്തുവന്ന പ്രസ്താവനയിൽ നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വർഗീയതയ്ക്കെതിരെ ഓരോ ഇഞ്ചും പൊരുതി നിൽക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം. എന്നാൽ ചില മാധ്യമങ്ങൾ ഇതിനെതിരെ തെറ്റായ പ്രചാരവേല നടത്തുകയാണ്. കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിൽ ഒരു വർഗീയ സംഘർഷം പോലും ഉണ്ടാകാത്തത് ഇടതുപക്ഷ ഭരണത്തിന്റെ മികവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വിഭാഗീയതയില്ലാതെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നതാണ് സിപിഐഎം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.