'അക്രമ സമരം നടത്താൻ SFIയ്ക്ക് നിർദേശം നൽകിയ MV ഗോവിന്ദൻ പരസ്യമായി മാപ്പു പറയണം': സർക്കാർ - ഗവർണർ സമവായത്തിൽ രമേശ് ചെന്നിത്തല | MV Govindan

രഹസ്യക്കരാർ എന്താണെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
MV Govindan should publicly apologize, Ramesh Chennithala on government-Governor consensus
Updated on

തിരുവനന്തപുരം: സർവകലാശാലാ വി.സി നിയമനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ അക്രമസമരങ്ങൾക്ക് നേതൃത്വം നൽകിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പൊതുസമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡോ. സിസാ തോമസിനെ താൽക്കാലിക വി.സിയായി നിയമിച്ചതിനെതിരെയും മുൻ രജിസ്ട്രാർ ഡോ. അനിൽകുമാറിന്റെ സസ്‌പെൻഷനെതിരെയും അനാവശ്യ പ്രക്ഷോഭം നടത്തി സംസ്ഥാനത്തെ സർവകലാശാലകളെ സ്തംഭിപ്പിക്കുകയാണ് സി.പി.എം ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(MV Govindan should publicly apologize, Ramesh Chennithala on government-Governor consensus)

ഗവർണറുമായി മുഖ്യമന്ത്രി നടത്തിയ സമവായ ചർച്ചയിൽ ഡോ. സിസയെ സ്ഥിരം വി.സിയായി അംഗീകരിക്കുകയും അനിൽകുമാറിനെ സർക്കാർ പിൻവലിക്കുകയും ചെയ്തതോടെ സി.പി.എമ്മും എസ്.എഫ്.ഐയും അപഹാസ്യരായി. അഴിമതി ആരോപണം സ്വന്തം കുടുംബത്തിലേക്ക് നീണ്ടപ്പോൾ മുഖ്യമന്ത്രി എസ്.എഫ്.ഐക്കാരെ കൈവിട്ടുവെന്നും "രക്തബന്ധത്തേക്കാൾ വലുതല്ലല്ലോ പാർട്ടി ബന്ധം" എന്നും അദ്ദേഹം പരിഹസിച്ചു.

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ രഹസ്യക്കരാർ എന്താണെന്ന് വ്യക്തമാക്കണം. ഡിജിറ്റൽ സർവകലാശാലയിൽ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ചുള്ള പരിശോധന ഈ കരാറിലൂടെ അട്ടിമറിക്കപ്പെടുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താൽപ്പര്യങ്ങൾക്കായി നടത്തുന്ന ഇത്തരം സമരങ്ങൾ കാരണം സർവകലാശാലകളുടെ പ്രവർത്തനം അവതാളത്തിലാകുന്നത് കൊണ്ടാണ് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി കേരളം വിട്ടുപോകുന്നതെന്ന് സി.പി.എം തിരിച്ചറിയണം. ഡോ. അനിൽകുമാറിനെ ബലിയാടാക്കിയ സി.പി.എം നിലപാടിൽ പാർട്ടി അനുകൂല അധ്യാപക സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com