തിരുവനന്തപുരം : കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരുമെന്ന് ഭീഷണി മുഴക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. സി പി എമ്മിന് ഒരു ഭയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(MV Govindan replies to VD Satheesan)
രാഹുലിനെതിരെ കോൺഗ്രസ് നടപടി എടുത്തത് കേസിനേക്കാൾ വലിയ തെളിവുകൾ വന്നത് കൊണ്ടാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ക്രിമിനൽ മനസ് ആയതു കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കാത്തതെന്നും, മുകേഷ് എം എൽ എ രാജി വയ്‌ക്കേണ്ട ആവശ്യമില്ല എന്നും, അദ്ദേഹത്തിൻ്റെ കേസ് പതിറ്റാണ്ടുകൾക്ക് മുൻപുള്ളതാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
കേരളം ഞെട്ടുന്ന ഒരു വാർത്ത വരും, സി പി എം കാത്തിരുന്നോളാനാണ് വി ഡി സതീശൻ പറഞ്ഞത്. ബി ജെ പി പ്രതിഷേധത്തിനായി ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും, വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈകാതെ തന്നെ ബി ജെ പി അധ്യക്ഷൻ്റെ വീട്ടിലേക്ക് കാളയുമായി പ്രകടനം നടത്തേണ്ടി വരുമെന്നും, അദ്ദേഹം വെല്ലുവിളിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരിലുള്ള വിവാദം അടഞ്ഞ അധ്യായം ആണെന്നും അദ്ദേഹം പറഞ്ഞു. കൻ്റോൺമെൻ്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതിൽ അദ്ദേഹം വിമർശനമുന്നയിച്ചു.