കൊച്ചി: വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സി.പി.ഐ.എമ്മിന് യോജിപ്പില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയിലെ ഏറ്റവും ശക്തമായ വർഗീയ വിരുദ്ധ പ്രസ്ഥാനമാണ് സി.പി.ഐ.എമ്മെന്നും പാർട്ടിയെ കടന്നാക്രമിക്കാനുള്ള കള്ളപ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തരത്തിലുള്ള വർഗീയ പരാമർശവും സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ ആര് സംസാരിച്ചാലും അത് അപകടകരമാണ്. വർഗീയതയ്‌ക്കെതിരെ സംസാരിക്കാൻ കോൺഗ്രസിന് അർഹതയില്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നവരാണ്. സന്ദർഭത്തിനനുസരിച്ച് വർഗീയ ശക്തികളുമായി കൂട്ടുചേരുന്നവരാണ് ഇപ്പോൾ പ്രഭാഷണം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ജമാഅത്തെ ഇസ്‌ലാമിയുമായും ആർ.എസ്.എസുമായും ചേരുന്നതിന് മടിയില്ല. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കാൻ മടിയില്ലാത്ത ആളാണ് സതീശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആർ.എസ്.എസിനോട് പൊരുതിയാണ് സി.പി.ഐ.എം വളർന്നത്. പാർട്ടിയുടെ നൂറുകണക്കിന് പ്രവർത്തകരെ ആർ.എസ്.എസ് കൊലപ്പെടുത്തി. ആ അക്രമങ്ങളെ പ്രതിരോധിച്ചാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
കാസർകോട് നഗരസഭയിലെ ഭൂരിപക്ഷം ഉദാഹരിച്ച് സമുദായങ്ങൾ തമ്മിലുള്ള ചേരിതിരിവിനെക്കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനെതിരെ കോൺഗ്രസും വിവിധ മതസംഘടനകളും രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി പാർട്ടി സെക്രട്ടറി നേരിട്ടെത്തിയത്. തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രിയും പിന്നീട് വ്യക്തമാക്കിയിരുന്നു.