ഗാന്ധിയും ഗോഡ്‌സെയും തമ്മിലുള്ള വ്യത്യാസമാണ് വിശ്വാസവും വർഗീയതയും: എം.വി ഗോവിന്ദൻ | MV Govindan

m v govindan
Updated on

തിരുവനന്തപുരം: രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർഗീയ ശക്തികൾക്കെതിരെ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30-ന് വിപുലമായ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിനെതിരെ വർഗ്ഗ-ബഹുജന സംഘടനകളെ അണിനിരത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മതവിശ്വാസവും വർഗീയതയും രണ്ടാണ് മതവിശ്വാസത്തെയും വർഗീയതയെയും വേർതിരിച്ചു കാണേണ്ടത് അത്യാവശ്യമാണെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. "മതവിശ്വാസിയായ ഗാന്ധിജിയെ മതരാഷ്ട്രവാദികളായ ഹിന്ദുത്വ ശക്തികൾ വെടിവെച്ചു കൊന്നത് ഇതിന്റെ വലിയ തെളിവാണ്. ഗാന്ധിയും ഗോഡ്‌സെയും തമ്മിലുള്ള വ്യത്യാസമാണ് യഥാർത്ഥ മതവിശ്വാസവും വർഗീയതയും തമ്മിലുള്ളതെന്ന് തിരിച്ചറിയണം. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ ഒറ്റപ്പെടുത്താൻ മതവിശ്വാസികളെക്കൂടി അണിനിരത്തണം," അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങൾക്കും യു.ഡി.എഫിനുമെതിരെ വിമർശനം വർഗീയ നയങ്ങളെ തുറന്നുകാട്ടുമ്പോൾ അതിനെ മതവിമർശനമായി ചിത്രീകരിക്കാനാണ് മാധ്യമങ്ങളും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആർ.എസ്.എസിനെതിരായ വിമർശനം ഹിന്ദുമതത്തിന് എതിരായും, ജമാഅത്തെ ഇസ്‌ലാമിക്കും ലീഗിനുമെതിരായ വിമർശനം മുസ്ലിം സമുദായത്തിന് എതിരായും വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഗാന്ധിയെ വധിച്ച അതേ ഹിന്ദുത്വ വർഗീയതയുമായി അധികാരം ലക്ഷ്യമിട്ട് യു.ഡി.എഫ് കൂട്ടുചേരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ ഇടതുപക്ഷ മനസ്സിനെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com