

തിരുവനന്തപുരം: ചലച്ചിത്ര ലോകത്തെ സർവ്വതലസ്പർശിയായ വ്യക്തിത്വമായിരുന്നു ശ്രീനിവാസനെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ശാരീരികമായ അവശതകൾക്കിടയിലും തന്റെ ചിന്തകളെ പുതുക്കിക്കൊണ്ടിരുന്ന വിപ്ലവകരമായ മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്ന് അദ്ദേഹം ഓർത്തെടുത്തു.
നർമ്മത്തിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങൾ വെള്ളിത്തിരയിൽ എത്തിക്കാൻ ശ്രീനിവാസന് സവിശേഷമായ ഒരു സിദ്ധി ഉണ്ടായിരുന്നു.
പാട്യത്തെ വായനശാലാ സംസ്കാരമാണ് അദ്ദേഹത്തിലെ കലാകാരനെയും വായനക്കാരനെയും വളർത്തിയത്. കണ്ണൂരിലെ സജീവമായ ആ ബാല്യകാലം അദ്ദേഹത്തിന്റെ പിൽക്കാല സൃഷ്ടികളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അവസാനമായി കണ്ടപ്പോൾ പോലും അവശതകൾ മറന്ന് പുതിയ ചിന്തകളെക്കുറിച്ച് സംസാരിക്കുന്ന ശ്രീനിവാസനെയാണ് കാണാൻ കഴിഞ്ഞതെന്ന് എം.വി. ഗോവിന്ദൻ കുറിച്ചു.
കാലത്തിന് മായ്ക്കാനാവാത്ത കഥാപാത്രങ്ങളെയും സിനിമകളെയും സമ്മാനിച്ച ആ മഹാപ്രതിഭ ഇനിയും സിനിമാ ലോകത്തിന് നിത്യ പ്രചോദനമായിരിക്കുമെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും ചലച്ചിത്ര ലോകത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.