

കൊച്ചി: മൂവാറ്റുപുഴയിൽ വൻ കഞ്ചാവ് ശേഖരവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശികളായ സാഗർ മൊല്ല (26), ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് 15 കിലോ കഞ്ചാവുമായി എറണാകുളം റൂറൽ പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിയ ഇവർ ഓട്ടോറിക്ഷയിൽ മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. പള്ളിത്താഴത്ത് വെച്ച് പോലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
പ്രതികൾ ഉപയോഗിച്ചിരുന്ന ലഹരി മാഫിയയുടെ രീതികൾ പോലീസിനെ ഞെട്ടിക്കുന്നതാണ്. ബംഗാളിൽ നിന്ന് വെറും 1,000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് കേരളത്തിൽ എത്തിച്ച് 25,000 രൂപയ്ക്കാണ് ഇവർ മറിച്ചു വിൽക്കുന്നത്. മുൻപും ഇവർ സമാനമായ രീതിയിൽ ലഹരിമരുന്ന് കേരളത്തിൽ എത്തിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചു.
റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഇവർക്ക് ലഹരി കൈമാറാൻ കാത്തുനിന്ന പ്രാദേശിക കണ്ണികളെ കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.