എംഎസ്എംഇകള്‍ക്ക് വസ്തു ഈടിന്മേലുള്ള വായ്പ വര്‍ദ്ധിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് - ഗോദ്റെജ് ഫിനാന്‍സ് സഹകരണം

എംഎസ്എംഇകള്‍ക്ക് വസ്തു ഈടിന്മേലുള്ള  വായ്പ വര്‍ദ്ധിപ്പിക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് -  ഗോദ്റെജ് ഫിനാന്‍സ്  സഹകരണം
Published on

കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വിഭാഗമായ ഗോദ്റെജ് ക്യാപിറ്റലിന്‍റെ അനുബന്ധസ്ഥാപനമായ ഗോദ്റെജ് ഫിനാന്‍സ് രണ്ട്, മൂന്ന് നിര നഗരങ്ങളിലെ എംഎസ്എംഇകള്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കുന്നതിനായി മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി സഹകരിക്കുന്നു. ഈ മേഖലകളിലെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‍റെ ശക്തമായ സാന്നിധ്യവും വിപണിയിലെ സ്വാധീനവും ഈ പങ്കാളിത്തത്തിന് കരുത്തേകും.

ഈ വായ്പാ പങ്കാളിത്തത്തിന്‍റെ ഭാഗമായി 10 മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വസ്തു ഈടിന്മേല്‍ പണം വായ്പയായി ലഭിക്കും. ശരാശരി 15 ലക്ഷം രൂപയുടെ വായ്പകളാണ് ഇതിലൂടെ നല്‍കുന്നത്. രാജ്യത്തുടനീളം ഈ സേവനം ലഭ്യമാകുന്നതിനാല്‍ സമയബന്ധിതമായി വായ്പ ആവശ്യമുള്ള മേഖലകളില്‍ വായ്പ ലഭ്യമാക്കാന്‍ കഴിയും. ഉടന്‍ തന്നെ ഈ പങ്കാളിത്തം സ്വര്‍ണ്ണവായ്പ, ഭവനവായ്പ പോലുള്ള മറ്റ് പദ്ധതികളിലേക്കും വിപുലീകരിക്കും.

ഈ സഹകരണം ഡിജിറ്റല്‍ ഏകീകരണത്തിലൂടെ വേഗത്തിലുള്ള അനുമതികള്‍, കൂടുതല്‍ സുതാര്യത എന്നിവയക്ക് പുറമെ ആര്‍ബിഐയുടെ കൂട്ടായ വായ്പ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും. ഈ കരാര്‍ പ്രകാരം വായ്പ അപകടസാധ്യതയുടെ 80 ശതമാനം ഗോദ്റെജ് ഫിനാന്‍സും ബാക്കിയുള്ള 20 ശതമാനം മുത്തൂറ്റ് ഫിന്‍കോര്‍പ്പും വഹിക്കും. അണ്ടര്‍റൈറ്റിംഗ്, കളക്ഷന്‍, കസ്റ്റമര്‍ ജേര്‍ണി എന്നിവ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് മേല്‍നോട്ടം വഹിക്കും. അതേസമയം ഇരു കൂട്ടരും ചേര്‍ന്ന് രൂപീകരിച്ച നയങ്ങളുടെ അടിസ്ഥാനത്തില്‍ റെഗുലേറ്ററി ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഗോദ്റെജ് ഫിനാന്‍സ് ഉറപ്പാക്കും.

സമയബന്ധിതമായ വായ്പ ലഭ്യമാകുന്നത്, പ്രത്യേകിച്ച് ഏറ്റവും ആവശ്യമുള്ള രണ്ടും മൂന്നും നിര നഗരങ്ങളില്‍ വളര്‍ന്നുവരുന്ന ബിസിനസ്സിന് വലിയ മാറ്റമുണ്ടാക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായിട്ടുള്ള പങ്കാളിത്തത്തിലൂടെ ലളിതവും സുതാര്യവും വേഗത്തിലുള്ള വായ്പ സേവനങ്ങള്‍ നല്‍കിക്കൊണ്ട് ഈ വിടവ് നികത്താനാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സാമ്പത്തിക വ്യവസ്ഥിതിക്കായി നിലകൊണ്ട് ബിസിനസ്സുകളെ ആത്മവിശ്വാസത്തോടെ വളരാന്‍ സഹായിക്കുക എന്നതാണ് തങ്ങളുടെ ശ്രമമെന്ന് ഗോദ്റെജ് ക്യാപിറ്റലിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മനീഷ് ഷാ പറഞ്ഞു.

കാര്‍ഷിക മേഖല കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത് എംഎസ്എംഇ മേഖലയാണ്. എന്നാല്‍ വായ്പ ലഭ്യതയാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. തങ്ങളുടെ 3700-ല്‍ അധികം ശാഖകളിലൂടെയും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ ആപ്പിലൂടെയും എല്ലാ പ്രദേശങ്ങളിലേക്കും എംഎസ്എംഇകള്‍ക്ക് വായ്പ ലഭ്യമാക്കുന്നുണ്ട്. എംഎസ്എംഇകള്‍ക്ക് വേണ്ടിയുള്ള വസ്തു ഈടിന്മേലുള്ള വായ്പ സേവനത്തിനായി ഗോദ്റെജ് ക്യാപിറ്റലുമായുള്ള ഈ സഹകരണത്തിലൂടെ അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ കൃത്യസമയത്ത് നിറവേറ്റി എംഎസ്എംഇകളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

ഗോദ്റെജ് ഫിനാന്‍സ് മുഖേന എംഎസ്എംഇകളുടെയും വ്യക്തിഗത വായ്പക്കാരുടെയും വിവിധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വൈവിധ്യമാര്‍ന്ന വായ്പ സേവനങ്ങള്‍ ലഭ്യമാക്കുന്നു. വസ്തു ഈടിന്മേലുള്ള വായ്പ, കുറഞ്ഞ തുക ആവശ്യമുള്ളവര്‍ക്കായുള്ള വസ്തു ഈടിന്മേലുള്ള ഉദ്യോഗ് വായ്പ, സുരക്ഷിതമല്ലാത്ത ബിസിനസ്സ് ലോണുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ സാമ്പത്തിക വര്‍ഷം 250 കോടി രൂപയുടെ വായ്പ വിതരണം ചെയ്യാനാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വടക്ക്, തെക്ക്, പടിഞ്ഞാറന്‍ മേഖലയിലെ സാധ്യതകളുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. എന്‍ബിഎഫ്സികള്‍ തമ്മിലുള്ള ഈ കൂട്ടായ വായ്പ സഹകരണം ഡിജിറ്റല്‍-ഫസ്റ്റ് രീതിയെയാണ് കാണിക്കുന്നത്. കൂടാതെ അതിവേഗം വളരുന്ന എംഎസ്എംഇ വായ്പ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തത്തിന് ഇത് വഴിയൊരുക്കുകയും ചെയ്യുന്നു.

Related Stories

No stories found.
Times Kerala
timeskerala.com