
വിഴിഞ്ഞം: വിഴിഞ്ഞം പുറംകടലിൽ എൻജിനിലെ കംപ്രസർ തകരാർ മൂലം തുടർന്ന വിദേശ ചരക്കുകപ്പൽ 'എം.വി. സിറാ' തീരം വിട്ടു(M.V. Sira). ഇൻഡോ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 48 മണിക്കൂറിനുള്ളിൽ കപ്പൽ രാജ്യം വിടണമെന്ന് കോസ്റ്റ്‌ഗാർഡ് വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ നിർദേശിച്ചിരുന്നു.
മാത്രമല്ല; കപ്പലിനാവശ്യമായ കംപ്രസർ ഞായറാഴ്ച രാവിലെയോടെ മാരിടൈം ബോർഡ് അധികൃതർ കൈമാറുകയും ചെയ്തിരുന്നു. തുടർന്ന് തകരാർ പരിഹരിച്ച് ഇന്നലെ അർധരാത്രിയോടെയാണ് പുറപ്പെട്ടത്. ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പോകുന്നതിനിടയിലാണ് പുറം കടലിൽ വച്ച് കപ്പലിലെ എൻജിനിലെ കംപ്രസർ തകരാറിലായത്. തുടർന്ന് 10 ദിവസമായി വിഴിഞ്ഞം പുറംകടലിൽ തുടരുകയായിരുന്ന കപ്പലാണ് തീരം വിട്ടത്. കപ്പലിൽ ഇന്ത്യക്കാരുൾപ്പെടെ 26 ജീവനക്കാരാണ് ഉണ്ടായിരുന്നത്.