
കോഴിക്കോട്: അബ്ദുന്നാസിർ മഅ്ദനിയെ തീവ്രവാദിയും ഭീകരവാദിയുമായി ചിത്രീകരിച്ച്, രാഷ്ട്രീയ സാമൂഹിക വേദികളിൽനിന്ന് അകറ്റിനിർത്താൻ പരിശ്രമിച്ചത് മുസ്ലിം ലീഗ് നേതാക്കളാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
ലീഗ് മഅ്ദനിയോട് ചെയ്ത ക്രൂരത ചരിത്രത്തിൽ കുറിച്ചിടപ്പെട്ടതാണെന്നും ആ പണ്ഡിതനെ രാക്ഷസീയവത്കരിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത് പാണക്കാട് തങ്ങന്മാരും പി.കെ. കുഞ്ഞാലിക്കുട്ടിയുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മഅ്ദനി ജയിലിൽ കിടന്ന് നരകിക്കുമ്പോൾ ലീഗ് നേതാക്കൾ മനുഷ്യത്വത്തോടെ പെരുമാറിയിട്ടില്ല. ഇതേ ലീഗുകാരും അവരുടെ പിണിയാളുകളുമാണ് സി.പി.എം നേതാവ് പി. ജയരാജന്റെ പുസ്തകത്തിലെ പരാമർശത്തെ പൊക്കിപ്പിടിച്ച് മഅ്ദനിയോട് കപട സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതെന്നും കാസിം ഇരിക്കൂർ കൂട്ടിച്ചേർത്തു.