മുസ്ലിംലീഗ്‌ മുഖ്യമന്ത്രിസ്ഥാനം കിട്ടാൻ ശ്രമം നടത്തുന്നു ; കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ |Vellappally Natesan

കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി കേരള സര്‍ക്കാരെന്ന നിലയിലേക്കെത്തി.
vellappally natesan
Published on

കോട്ടയം: മുസ്ലിംലീഗ്‌ മുഖ്യമന്ത്രിസ്ഥാനം കിട്ടാൻ ശ്രമം നടത്തുന്നുണ്ടെന്ന്‌ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറും. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാല്‍ മതി കേരള സര്‍ക്കാരെന്ന നിലയിലേക്കെത്തിയെന്ന് കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗം നേതൃയോഗത്തില്‍ അദ്ദേഹം വിമർശിച്ചു.

മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞു. അതിന് 40 വര്‍ഷം വേണ്ടി വരില്ല. കേരളത്തില്‍ ജനാധിപത്യമല്ല, മതാധിപത്യമാണുള്ളത്.സ്‌കൂളുകളിൽ കുട്ടികള്‍ക്ക് സൂംബ നൃത്ത കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്തു. സര്‍ക്കാര്‍ എന്ത് നിയമം കൊണ്ട് വന്നാലും മലപ്പുറത്ത് പോയി ചോദിച്ചില്ലെങ്കില്‍ അത് കുഴപ്പമായി. ഇരിക്കാന്‍ പറഞ്ഞാല്‍ ഇപ്പുറത്തുള്ളവർ കിടക്കുമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്ത് തന്നെ ഉള്ള കോഴ്‌സ് മാത്രമാണ് നല്‍കിയതെന്നും മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. കാന്തപുരം പറയുന്നത് നോക്കി ഭരിച്ചാല്‍ മതി എന്ന അവസ്ഥ ആയി. കോടതിയുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ സമയം ക്രമീകരിച്ചപ്പോള്‍ ഓണം ക്രിസ്മസ് അവധികൾ വെട്ടിക്കുറയ്ക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടു. ഈ രാജ്യം എങ്ങോട്ടേക്കാണ് പോകുന്നത്. ഇവിടെ മതാധിപത്യമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ക്രിസ്ത്യന്‍ വിഭാഗത്തിന് വേണ്ടിയാണ്.വിദ്യാഭ്യാസരംഗത്തിന്റെ അന്തകന്‍ ആണ് പിജെ ജോസഫെന്നും വെള്ളാപ്പള്ളി നടേശന്‍ ആഞ്ഞടിച്ചു. 34 സ്ഥാപനം ആണ് പി ജെ ജോസഫ് ഒറ്റ അടിക്ക് സ്വന്തം സമുദായത്തിന് കൊടുത്തത്.കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈകളിലായി. മറിച്ച് പറയാന്‍ ആരുമില്ലാതായി. അധികാരത്തിനും അവകാശത്തിനുംവേണ്ടി പോരാടുന്ന സ്വഭാവം നമുക്കില്ല. വിശ്വസിക്കുന്ന പാര്‍ട്ടിക്കാര്‍ ആരെയെങ്കിലുമൊക്കെ നിര്‍ത്തും. അവര്‍ക്ക് വോട്ട് ചെയ്യും.

മുസ്‌ലിമിന് മുസ്‌ലിം എന്നാണ് വികാരം. അവര്‍ക്ക് ഇടത് എന്നോ വലതു എന്നോ ഇല്ല. എല്ലാം പിടിച്ചടക്കണം എന്നാണ് അവരുടെ തീരുമാനം. മലപ്പുറത്ത് മാത്രമല്ല, തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ് വേണം എന്നാണ് ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അതുവഴി ഭരണം പിടിച്ച്‌ മുഖ്യമന്ത്രിയാകാനുള്ള തന്ത്രപരമായ നീക്കമാണ്‌ ലീഗ്‌ നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com