കൊച്ചി - ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അവരുടെ യാത്രകളെ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമായി സംഗീത പരിപാടികള്‍ ഉയര്‍ന്നുവരുന്നതായി എയര്‍ബിഎന്‍ബി സര്‍വ്വേ. 'എയര്‍ബിഎന്‍ബി എക്സ്പീരിയന്‍സ് ലെഡ് ട്രാവല്‍ ഇന്‍സൈറ്റ്സ്' എന്ന സര്‍വ്വേ പ്രകാരം ഈ വര്‍ഷം ജെന്‍ സീ യാത്രക്കാരില്‍ 62 ശതമാനം പേരും കണ്‍സെര്‍ട്ടുകള്‍ക്കും സംഗീതപരിപാടികള്‍ക്കുമായി യാത്ര ചെയ്യാന്‍ പദ്ധതിയിടുന്നുവെന്ന് പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം പേരും സംഗീത പരിപാടിക്കായി പുതിയൊരു നഗരം ആദ്യമായി സന്ദര്‍ശിച്ചവരാണ്. (Music events)
യുവസഞ്ചാരികളില്‍ പത്തില്‍ ആറ് പേരും തങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 21 മുതല്‍ 40 ശതമാനം വരെ ഇത്തരം സംഗീതയാത്രകള്‍ക്കും അനുഭവങ്ങള്‍ക്കുമായി നീക്കിവയ്ക്കാന്‍ തയ്യാറാണ്. പുതു തലമുറയിലെ 1,102 ഓളം യുവാക്കളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സംഗീത പരിപാടികളിലും സംഗീതാഘോഷങ്ങളിലും വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം പുതിയൊരു തരം സഞ്ചാര സമൂഹം ഉയര്‍ന്നുവരുന്നതിന് വഴിയൊരുക്കിയിട്ടുണ്ടെന്ന് എയര്‍ബിഎന്‍ബിയുടെ ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ കണ്‍ട്രി ഹെഡ് അമന്‍പ്രീത് ബജാജ് പറഞ്ഞു.
ലൊല്ലാപലൂസ ഇന്ത്യ പോലുള്ള ബൃഹത് ഫോര്‍മാറ്റ് സംഗീതോത്സവങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി സാംസ്‌കാരികമായ ഈ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.