കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കുന്നതിനും ഏകാധിപത്യ പ്രവണതകൾക്കും എതിരായ പ്രതിരോധമാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരളശ്ശേരിയിൽ എകെജി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയങ്ങളെ വെറും പ്രദർശനശാലകളായല്ല, മറിച്ച് നുണപ്രചാരണങ്ങളെ നേരിടാനുള്ള വിജ്ഞാന കേന്ദ്രങ്ങളായാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Museums are knowledge centers to combat lies, Chief Minister inaugurates AKG Museum)
ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നടന്ന പോരാട്ടങ്ങളെ തമസ്‌കരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ബ്രിട്ടീഷ് പാദസേവകരായിരുന്നവരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കുന്നതും വിമർശിക്കുന്ന ജനപ്രതിനിധികളെ സസ്പെൻഡ് ചെയ്യുന്നതും ഏകാധിപത്യ പ്രവണതയുടെ ലക്ഷണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. വികസനത്തിന്റെ ഫലം എല്ലാവരിലും എത്തിക്കുക എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് സർക്കാർ പിന്തുടരുന്നതെന്നും ആ പാരമ്പര്യം പുതുതലമുറയ്ക്ക് പകർന്നു നൽകാനാണ് ഈ സ്മാരകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചരക്കണ്ടി പുഴയോരത്ത് 3.30 ഏക്കർ സ്ഥലത്താണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.
എകെജിയുടെ സമരങ്ങൾ, പാർലമെന്റിലെ പ്രകടനങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ എന്നിവ ദൃശ്യവൽക്കരിക്കുന്ന ആറ് ഗ്യാലറികൾ ഇവിടെയുണ്ട്. സമരങ്ങളുടെ പുനരാവിഷ്‌കാരവും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള തിയറ്ററും ഉണ്ട്. സ്ഥലമേറ്റെടുപ്പിന് 12.06 കോടി രൂപയും കെട്ടിട നിർമ്മാണത്തിനും പ്രദർശനത്തിനുമായി ഏകദേശം 11.26 കോടി രൂപയുമാണ് ചെലവഴിച്ചത്.



