തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നു മുക്കിലെ ഗ്രീൻലൈൻ ലോഡ്ജിൽ അസ്മിന (40) എന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ജോബി ജോർജ് (42) അറസ്റ്റിൽ. ഒളിവിൽപോയ പ്രതിയെ ആറ്റിങ്ങൽ പൊലീസ് കോഴിക്കോട്ട് നിന്നാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചതെന്ന് ആറ്റിങ്ങൽ സി.ഐ. അജയൻ അറിയിച്ചു.(Murder of woman in Attingal Lodge room, The accused was arrested)
ഒളിവിൽ പോയത് അതിവേഗം
ലോഡ്ജിൽ നിന്ന് ബസ് സ്റ്റാൻഡിലെത്തിയ ജോബി കായംകുളത്തേക്ക് പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു. കായംകുളത്ത് നടത്തിയ തിരച്ചിലിലാണ് ഇയാൾ കോഴിക്കോട്ടേക്ക് കടന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം പിന്തുടർന്ന് പ്രതിയെ കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ചത്
രണ്ട് കുട്ടികളുടെ അമ്മയായ വടകര സ്വദേശിയായ അസ്മിനയും, ജോബിയും തമ്മിൽ രണ്ട് മൂന്ന് മാസമായി അടുപ്പത്തിലായിരുന്നു. ഇവർ കായംകുളത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നപ്പോഴാണ് സൗഹൃദം ആരംഭിച്ചത്. ജോബി ഒരാഴ്ച മുൻപാണ് ആറ്റിങ്ങലിലെ ലോഡ്ജിൽ ജോലിക്കെത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് ജോബി അസ്മിനയെ ഭാര്യയെന്ന പേരിൽ ലോഡ്ജിൽ കൊണ്ടുവന്നത്. രാത്രി ഇരുവരും മദ്യപിച്ചതിന് ശേഷം വഴക്കുണ്ടാവുകയും തുടർന്ന് ജോബി യുവതിയെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിയിൽ പിടിവലി നടന്നതിന്റെ സൂചനകളുണ്ടായിരുന്നു. പൊട്ടിയ ബിയർ കുപ്പിയും മുറിയിൽ നിന്ന് കണ്ടെത്തി.
സംഭവ ദിവസം ചൊവ്വാഴ്ച രാത്രി ഒന്നരയോടെ ജോബി യുവതിയുള്ള മുറിയിലേക്ക് പോയതായി മറ്റ് ജീവനക്കാർ പൊലീസിന് മൊഴി നൽകി. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തി വാതിൽ തള്ളിത്തുറന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ ജോബി ലോഡ്ജിൽ നിന്ന് പുറത്തേക്കു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. യുവതിയുടെ ശരീരമാകെ കുപ്പികൊണ്ട് കുത്തിയതിന്റെ പാടുകളും തലയ്ക്ക് മുറിവുകളുമുണ്ടായിരുന്നു. ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.