കൊച്ചി: കേരളത്തെ ഞെട്ടിച്ച അങ്കമാലി കറുകുറ്റിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞ് ഡെൽന മറിയം സാറയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്, കുഞ്ഞിന്റെ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വിഷാദ രോഗത്തിന് ചികിത്സയിലുള്ള റോസിലി നിലവിൽ ആശുപത്രിയിൽ തുടരുകയാണ്. കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ അൽപസമയത്തിനകം ആരംഭിക്കും.(Murder of 6-month-old baby in Angamaly, Grandmother's arrest recorded)
കറുകുറ്റി ചീനിയിൽ താമസിക്കുന്ന ആന്റണി-റൂത്ത് ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ഡെൽന. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു. രാവിലെ കുഞ്ഞിനെ വിഷാദരോഗത്തിന് ചികിത്സ തേടുന്ന അമ്മൂമ്മയ്ക്ക് അരികിലായിരുന്നു കിടത്തിയിരുന്നത്. അമ്മ ഭക്ഷണം എടുക്കാൻ അടുക്കളയിൽ പോയ ശേഷം തിരിച്ചുവന്നപ്പോഴാണ് കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്.
വീട്ടിൽ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി മണിയാണ് ചോരയിൽ കുളിച്ച കുഞ്ഞിനെയും മാതാപിതാക്കളെയും കാറിൽ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെ ദുരൂഹത വർധിച്ചു.
60 വയസ്സുകാരിയായ റോസിലി വിഷാദരോഗത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്ന് പോലീസ് അറിയിച്ചു. നേരത്തേ ഓവർഡോസ് മരുന്ന് കഴിച്ച് മാനസിക വിഭ്രാന്തി കാണിച്ച് ഇവർ ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെയും ഇവർ ഓവർഡോസ് മരുന്ന് കഴിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കുഞ്ഞിനെ പരിക്കേൽപ്പിച്ചത് അമ്മൂമ്മയാണെന്ന സംശയമാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയതിന് പിന്നാലെ തളർന്നു വീണ റോസിലിയെ മൂക്കന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അച്ഛൻ ആന്റണി, അപ്പൂപ്പൻ എന്നിവരുടെ മൊഴി അങ്കമാലി പോലീസ് രേഖപ്പെടുത്തി. റോസിലി, അമ്മ റൂത്ത് എന്നിവരുടെ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നത്.