കൊച്ചി: കേരളത്തെ നൊമ്പരത്തിലാഴ്ത്തിയ അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ ഇന്ന് പോലീസ് തുടർ നടപടികളിലേക്ക് കടക്കും. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ, പ്രതിയായ അമ്മൂമ്മയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ ഇന്ന് രേഖപ്പെടുത്തും.(Murder of 6-month-old baby in Angamaly, Arrest of grandmother to be recorded today)
അമ്മൂമ്മ കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിനായി ഉപയോഗിച്ച കത്തിയും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കുട്ടിയുടെ അമ്മൂമ്മ റോസ്‌ലിയുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.
കൊലപാതകത്തിന് പിന്നിലെ കാരണം മാനസിക പ്രശ്നങ്ങളാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും, മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നതുൾപ്പെടെ വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. നിലവിൽ കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട റോസ്‌ലി ആശുപത്രിയിൽ ചികിത്സയിലാണ്.
അങ്കമാലി കറുകുറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആന്റണി - റൂത്ത് ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകൾ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.
കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മൂമ്മയുടെ അരികിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്. കുഞ്ഞിന്റെ അമ്മ അടുക്കളയിലേക്ക് കഞ്ഞിയെടുക്കാൻ പോയ സമയത്താണ് സംഭവം നടന്നതെന്നാണ് പ്രാദേശിക പഞ്ചായത്ത് അംഗം അറിയിച്ചത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ ഓടിവന്ന് നോക്കിയപ്പോഴാണ് കഴുത്തിൽ നിന്ന് ചോരയൊഴുകുന്ന നിലയിൽ കുട്ടിയെ കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ വെച്ച് കുഞ്ഞിന്റെ കഴുത്തിലെ മുറിവിന്റെ ആഴം കണ്ട് സംശയം തോന്നിയ അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അമ്മൂമ്മ റോസ്‌ലിക്ക് മാനസിക പ്രശ്നങ്ങളും സോഡിയം കുറയുന്ന അസുഖവും ഉണ്ടായിരുന്നുവെന്നും, രണ്ട് മാസം മുമ്പ് ഓവർഡോസ് മരുന്ന് കഴിച്ച് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും പഞ്ചായത്ത് അംഗം വെളിപ്പെടുത്തി. കുട്ടിയുടെ അമ്മയുടെ മൊഴിയടക്കം പോലീസ് വിശദമായി രേഖപ്പെടുത്തും.