തിരുവനന്തപുരം: തൈക്കാട് സംഘർഷത്തിനിടെ 19-കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ കൊലപാതകം ആസൂത്രിതമാണോ എന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആക്രമണം നടത്തിയ സംഘത്തിലെ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ ചിലർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.(Murder of 19-year-old in Thycaud suspected to be premeditated, 5 accused identified)
തമ്പാനൂർ തോപ്പിൽ വാടകയ്ക്ക് താമസിക്കുന്ന അലൻ (19) ആണ് ഇന്നലെ വൈകിട്ട് 7 മണിയോടെ കൊല്ലപ്പെട്ടത്. ഫുട്ബോൾ ക്ലബ്ബുകൾ തമ്മിൽ നാളുകളായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം പരിഹരിക്കുന്നതിനായി ഇന്നലെ ഒത്തുതീർപ്പ് ചർച്ച വെച്ചിരുന്നു. ഈ ചർച്ചയ്ക്കിടെയാണ് കൊലപാതകം നടന്നത്.
കസ്റ്റഡിയിലുള്ളവരിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാളും ഉണ്ടെന്നാണ് വിവരം. ഫുട്ബോൾ ക്ലബ്ബുകളിൽ കൂടുതലും വിദ്യാർത്ഥികളാണ് കളിക്കുന്നത്. എന്നാൽ, പ്രശ്നം പരിഹരിക്കുന്നതിനായി പുറത്തുനിന്നുള്ളവരെയും ആക്രമിസംഘം ഒപ്പം കൂട്ടിയിരുന്നു.
സാക്ഷിമൊഴി അനുസരിച്ച്, അലന്റെ തലയിൽ ഹെൽമെറ്റ് കൊണ്ട് ശക്തമായി ഇടിക്കുകയും തുടർന്ന് നെഞ്ചിൽ കത്തികൊണ്ട് കുത്തുകയുമായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെക്കുറിച്ച് പോലീസിന് നിർണായക സൂചനകൾ ലഭിച്ചത്. അലന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.